ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്തിൽ വാർഡ് പുനർനിർണയം സംബന്ധിച്ചു പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയ്ക്കു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമെന്ന് ആരോപണം. ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപ്രതിയിലായ അസിസ്റ്റന്റ് സെക്രട്ടറി എൻ.ആർ.ഗീത അവധിയിൽ പ്രവേശിച്ചു.
സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് മാസത്തോളമായി അസിസ്റ്റന്റ് സെക്രട്ടറിക്കാണു സെക്രട്ടറിയുടെ ചുമതല. വാർഡ് പുനർനിർണയം സംബന്ധിച്ച നടപടികൾ പൂർത്തിയായതോടെ കഴിഞ്ഞ ദിവസം സിപിഎമ്മിലെ ഉത്തരവാദപ്പെട്ട ചില ജനപ്രതിനിധികൾ ഇതു ഭേദഗതി ചെയ്യാൻ സമ്മർദം ചെലുത്തിയെന്നാണ് ആക്ഷേപം.
നിയമപരമായി മാത്രമേ പുനർനിർണയം പൂർത്തിയാക്കൂവെന്നും കരട് പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ ആർക്കും പരാതി നൽകാമെന്നുമായിരുന്നു ഉദ്യോഗസ്ഥയുടെ നിലപാട്. ഇതിനു പിന്നാലെയുണ്ടായ വാഗ്വാദത്തിനിടെ ഗീതയ്ക്കു കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണു പരാതി.
അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശിനിയായ ഗീത സിപിഎം അനുകൂല സർവീസ് സംഘടനയിലെ അംഗമാണ്. അമിത രക്തസമ്മർദത്തെ തുടർന്നു കുഴഞ്ഞുവീണ ഉദ്യോഗസ്ഥയെ അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു പകൽ മുഴുവൻ നിരീക്ഷിച്ച ശേഷമാണു വിട്ടയച്ചത്.
സ്വതന്ത്രമായി ജോലി ചെയ്യാനാകുന്നില്ലെന്നും സമ്മർദങ്ങൾ മൂലം ദേഹാസ്ഥ്യം അനുഭവപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് അവധിക്ക് അപേക്ഷ നൽകിയതെന്നാണു വിവരം. പകരം മറ്റൊരു ഉദ്യോഗസ്ഥനു സെക്രട്ടറിയുടെ ചുമതല നൽകി. നിലവിലുള്ള 20 വാർഡുകൾ 23 ആയാണു വർധിപ്പിക്കുന്നത്. അതേസമയം, വാർഡ് പുനർനിർണയം സംബന്ധിച്ച നടപടികളിൽ ആരും ഉദ്യോസ്ഥയ്ക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും നിയമപരമായാണു നടപടിക്രമങ്ങളെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പി.വിജയലക്ഷ്മി പ്രതികരിച്ചു.