ഫുട്ബോൾ കളി കാണാനെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് പുറത്തിറങ്ങി രാത്രിയില്‍ കറങ്ങി ബൈക്ക് മോഷ്ടിക്കുന്ന പത്തൊന്‍പതുകാരനും സുഹൃത്തായ പതിനേഴുകാരനും പിടിയില്‍. പാലക്കാട് കഞ്ചിക്കോട്ടെ കവർച്ചയിലാണ് മലപ്പുറം എടപ്പറ്റ സ്വദേശി മുഹമ്മദ് റോഷനും സുഹൃത്തും കസബ പൊലീസിന്‍റെ പിടിയിലായത്.
വർക്ക് ഷോപ്പിൽ ജോലിയെടുത്തതിന്‍റെ പരിചയത്തില്‍ മുഹമ്മദ് റോഷന്‍ വാഹനങ്ങളിലെ പൂട്ട് പൊട്ടിക്കൽ വേഗത്തിലാക്കും. മറിച്ച് വിറ്റാൽ കൂടുതല്‍ പണം കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൂട്ടുകാരനായ പതിനേഴുകാരനെയും കൂടെക്കൂട്ടി. ടർഫില്‍ ഉൾപ്പെടെ രാത്രികാല ഫുട്ബോൾ മൽസരത്തിന്‍റെ ആവേശം കണ്ടുവരാമെന്ന് അറിയിച്ചാണ് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്. ഫുട്ബോളല്ല വില കൂടിയ ബൈക്ക് തട്ടിയെടുക്കലിന്‍റെ പിന്നണിയിൽ പ്രവർത്തിക്കുന്നതാണ് കമ്പമെന്ന് വീട്ടുകാരും തിരിച്ചറിയാന്‍ വൈകി.
വഴിയിൽ കാണുന്ന ഏതെങ്കിലുമൊരു ബൈക്കിന്‍റെ പൂട്ട് ആദ്യം പൊട്ടിച്ചെടുക്കും. വഴി നീളെ കളവിന്‍റെ സാധ്യത തെരഞ്ഞാണ് പിന്നീടുള്ള പാച്ചിൽ. അങ്ങനെയാണ് കഞ്ചിക്കോട് പ്രീക്കോട്ടിലെ വീടിന് മുന്നിൽ നിർത്തിയിരുന്ന ബൈക്ക് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. ഇരുവരുടെയു വരവും പോക്കും ഉൾപ്പെടുന്ന ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു കസബ പൊലീസിന്‍റെ അന്വേഷണം. കവര്‍ച്ചയ്ക്കായി തട്ടിയെടുക്കുന്നതും കവര്‍ന്ന ശേഷം മടങ്ങുന്ന ഇരുചക്രവാഹനങ്ങളും ആരും തിരിച്ചറിയാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ മറച്ചായിരുന്നു യാത്ര. വഴിയിൽ ഇന്ധനം തീർന്നാൽ പെട്രോൾ പമ്പിൽ കയറാറില്ല. റോഡരികില്‍ സൂക്ഷിച്ചിരിക്കുന്ന ബൈക്കിലെ ഇന്ധനം ശേഖരിച്ച് യാത്ര തുടരും.
വിലകൂടിയ ബൈക്കുകളോട് മാതം എന്താണിത്ര താൽപര്യമെന്ന് ചോദിച്ചാൽ എന്തായാലും കവർച്ചയാണല്ലോ അങ്ങനെയെങ്കിൽ വില കൂടിയത് തന്നെയാവട്ടെ എന്നതാണ് ഇരുവരുടെയും മൊഴി. മാസങ്ങൾക്ക് മുൻപ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലും ഇരുവരും ചേര്‍ന്ന് സമാനരീതിയില്‍ ബൈക്ക് കവര്‍ന്നുവെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ കവര്‍ച്ചാ കേസുകളിൽ ഇവർ പങ്കാളിയാണോ എന്നതും പരിശോധിക്കുന്നുണ്ട്. കസബ പൊലീസിനൊപ്പം കൊണ്ടോട്ടി പൊലീസും അന്വേഷണത്തിന്‍റെ ഭാഗമായി. കഞ്ചിക്കോട് നിന്നും കവര്‍ന്ന ബൈക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.