TOPICS COVERED

മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും ചേലക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂർ വിമാനത്താവളം വഴി കൂടുതൽ സ്വർണ്ണവും, ഹവാല പണവും വരുന്നു എന്ന കണക്കുകൾ എങ്ങനെ മലപ്പുറത്തെ അപമാനിക്കലാവും എന്ന് മുഖ്യമന്ത്രി ചോദിച്ചു. ന്യൂനപക്ഷ വർഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി ലീഗ് സമരസപ്പെട്ടുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ആദ്യം പ്രതിപക്ഷത്തെ കടന്നാക്രമിക്കൽ, പിന്നാലെ മലപ്പുറം പരാമർശത്തെയും, പൊലീസ് നടപടികളെയും കുറിച്ചുള്ള ന്യായീകരണം. ഒടുവിൽ ഭരണ നേട്ടങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൻ്റെ LDF കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉദ്ഘാടന പ്രസംഗത്തെ ഇങ്ങനെ ചുരുക്കിപ്പറയാം.  വർഗീയതയോട് മൃദുസമീപനം സ്വീകരിക്കുന്ന കോൺഗ്രസല്ല, മറിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന ഇടതുപക്ഷമാണ് കേരളത്തിൽ വർഗീയ സംഘർഷം ഇല്ലാത്തതിന് കാരണമെന്ന് പറഞ്ഞായിരുന്നു തുടക്കം. ന്യൂനപക്ഷ വർഗീയതയോട് ലീഗ് സമരസപ്പെട്ടുവെന്നും വിമർശനം. കള്ളക്കടത്ത് സ്വർണം പിടിക്കുന്നത് പൊലീസിനെ ജോലിയാണെന്നും, കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്‍റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും മുഖ്യമന്ത്രി.

ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഏക കൺവെൻഷനാണ് ചേലക്കരയിലേത്. എൽഡിഎഫിലെ വിവിധ ഘടകകക്ഷി നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു. 

ENGLISH SUMMARY:

CM Pinarayi vijayan defends malappuram remark