TOPICS COVERED

തിരുവനന്തപുരം നേമം സഹകരണബാങ്കില്‍ ക്രമക്കേട് നടന്നെന്നു സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്. തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കില്ലെന്നും 30 ന് സഹകരണ മന്ത്രിതല ചര്‍ച്ചയെന്നും ജില്ലാ സെക്രട്ടറി  മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ നിക്ഷേപതുക തിരികെ കിട്ടാത്തതില്‍ മനംനൊന്ത് 70 കാരന്‍ ബാങ്കില്‍ ബോധം കെട്ടുവീണു.

നേമം സഹകരണ ബാങ്കിലെ  സിപിഎം ഭരണസമിതിയെ പൂര്‍ണമായും കൈവിടുകയാണ്  സിപിഎം ജില്ലാ സെക്രട്ടറി. നിലവിലെ പ്രതിസന്ധിക്കു കാരണം മുന്‍ ഭരണസമിതിയുടെ നിരുത്തവാദപരമായ പ്രവര്‍ത്തനമാണെന്നുകണ്ടാണ് ഇവരെ  പാര്‍ടി ചുമതലകളില്‍ പൂര്‍ണമായും മാറ്റി നിര്‍ത്തിയത് . ഇഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് സഹകരണ നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പലിശയും നല്‍കിയതാണ് ബാങ്കിന്‍റെ തകര്‍ച്ചയ്ക്കു കാരണമെന്നാണ് പാര്‍ടി കണ്ടെത്തല്‍. മുന്‍ സെക്രട്ടറി എ.ആര്‍. രാജേന്ദ്രന്‍ വിരമിച്ചതിനുശേഷവും ബാങ്കില്‍ തുടര്‍ന്നു ക്രമക്കേടുകള്‍ നടത്തിയത് ഭരണസമിതി തടഞ്ഞില്ല.

നിക്ഷേപ തുക മടക്കി നല്‍കുന്നതടക്കം ചര്‍ച്ച ചെയ്യാനായി അടുത്ത ബുധനാഴ്ച സഹകരണ മന്ത്രിതല ചര്‍ച്ച നടത്തും. പാര്‍ടി ഭരണസമിതിയുള്ള ബാങ്കുകളിലെ നിക്ഷേപ, വായ്പ കളില്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപതുക ലഭിക്കാത്തതില്‍ മനം നൊന്ത് ബാങ്കിലെത്തിയ 70 കാരന്‍ കുഴഞ്ഞുവീണു. അംബുലന്‍സെത്തി ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിക്ഷേപതുക തിരികെ കിട്ടാത്തതില്‍ ഇന്നലെയും 20 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു

ENGLISH SUMMARY:

CPM District Secretary V.Joy admitted that there was an irregularity in Nemam Cooperative Bank