കളമശേരി കൈപ്പുഴയില്‍ വീട് ജപ്തി ചെയ്തതിൽ ഒത്തുതീർപ്പിന്റെ സാധ്യത തേടി എസ്ബിഐ അധികൃതർ  കുടുംബവുമായി ഇന്ന് ചർച്ച നടത്തും. മന്ത്രി പി.രാജീവിന്റെ ഇടപെടലിലാണ് ഒത്തുതീർപ്പ് നീക്കം. പ്രവാസിയായിരുന്ന അജയനും കുടുംബവും 2014ൽ വീട് നിർമാണത്തിനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഇന്നലെയാണ് ജപ്തിയുണ്ടായത്.  

വീട്ടുപകരണങ്ങൾ പോലും നീക്കാൻ സാവകാശം നൽകാതെ വീട്ടുകാരിലാത്ത സമയത്തായിരുന്നു  ജപ്തിയെന്നാണ് ആരോപണം. പോകാൻ മറ്റൊരിടമില്ലെന്നും വീടുവിട്ടിറങ്ങിലെന്ന നിലപാടിലുമായിരുന്നു അജയനും ഭാര്യ ബിബിയും മക്കളും. 

എന്നാൽ കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്നായിരുന്നു  എസ്.ബി.ഐയുടെ വിശദീകരണം. പ്രതിഷേധം കനത്തതോടെയാണ് മന്ത്രി പി.രാജീവിന്റെ ഇടപെടൽ ഉണ്ടായത്. വീട് നിർമാണത്തിനെടുത്ത അമ്പത് ലക്ഷത്തിലധികം രൂപയുടെ ബാധ്യതയിൽ നാൽപത് ലക്ഷം രൂപ ഒറ്റ തവണയായി അടയ്ക്കുന്നത് സംബന്ധിച്ച് ധാരണയിലെത്താൻ കഴിയുമോയെന്നതിലാണ് ബാങ്കും കുടുംബവുമായി ചർച്ച നടക്കുക. ഇന്നലെ പ്രാഥമിക ചർച്ചയിൽ മുന്ന് മാസത്തിനകം തുക അടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടെങ്കിലും ആറുമാസം സമയമാണ് അജയനും കുടുംബവും ആവശ്യപ്പെട്ടിട്ടുള്ളത്.  

ENGLISH SUMMARY:

SBI officials will hold talks with the family today to seek a settlement in the foreclosure of the house in Kaipuzha