karat-razzak-against-cpm

പി.വി അന്‍വറിന് പിന്നാലെ ഇടതുബന്ധം ഉപേക്ഷിക്കാനൊരുങ്ങി കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. മന്ത്രി മുഹമ്മദ് റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തെന്ന് ആരോപിച്ച കാരാട്ട് ഒരാഴ്ചക്കുള്ളില്‍ താന്‍ ഉന്നയിച്ച പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ മാറിചിന്തിക്കുമെന്നും വ്യക്തമാക്കി. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും കാരാട്ട് കൊടുവള്ളിയില്‍ പറഞ്ഞു.

തന്റെ പരാതികള്‍ പരിഗണിച്ചില്ലെങ്കില്‍ സിപിഎമ്മുമായി സഹകരിക്കില്ല

2016ല്‍ എം.എല്‍.എയായിരിക്കെ കൊണ്ടുവന്ന 45 കോടിയുടെ സിറാജ് ബൈപാസ് പദ്ധതി അട്ടിമറിച്ചതാണ് കാരാട്ട് റസാഖിനെ ചൊടിപ്പിച്ചത്. നിലവിലെ എം എല്‍ എ  എം കെ മുനീറുമായി ഒത്തുകളിച്ചാണ്  മന്ത്രി റിയാസ് തന്റ വികസന പദ്ധതികള്‍ ഇല്ലാതാക്കിയതെന്ന് കാരാട്ട് ആരോപിക്കുന്നു.

 

മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായില്ല. 2021ല്‍ തന്നെ തോല്‍പിച്ചതുമായി ബന്ധപ്പെട്ട പരാതികളിലും ഒരു നടപടിയുമെടുത്തില്ല.മുസ്ലീം ലീഗിലേക്ക് തിരിച്ചുപോകില്ല. അന്‍വറിന്റ പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. മുസ്ലീംലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016 ലാണ് ഇടതുപക്ഷ പിന്തുണയോടെ കൊടുവള്ളിയില്‍ നിന്ന് ജയിച്ചത്. 2021 ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും എം കെ മുനീറിനോട് പരാജയപ്പെട്ടു.

ENGLISH SUMMARY:

Former Koduvalli MLA Karat Razzak against CPM