hema

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ 25 കേസുകളെടുത്ത് പ്രത്യേക അന്വേഷണസംഘം. ഭൂരിഭാഗം കേസുകളിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. പരാതിക്കാരുടെയും പ്രതികളുടെയും വിവരങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കും. ഇതോടെ സിനിമ മേഖലയിലെ പീഡനത്തിനെതിരെയെടുക്കുന്ന കേസുകളുടെയെണ്ണം അമ്പത് പിന്നിട്ടു. 

 

രണ്ട് ദിവസംകൊണ്ട് 25 കേസ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുകളുടെ പ്രളയം സൃഷ്ടിക്കുകയാണ് അന്വേഷണസംഘം. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ലഭിച്ച പരാതികളില്‍ മാത്രമായിരുന്നു ഇതുവരെ കേസെടുത്തിരുന്നത്. റിപ്പോര്‍ട്ടിലെ മൊഴികള്‍ പലതും അവ്യക്തമാണെന്നും കൃത്യമായ മൊഴി നല്‍കിയ പലര്‍ക്കും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നില്ല. എന്നാല്‍ ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെയാണ് കൂട്ടത്തോടെ കേസെടുക്കാന്‍ തീരുമാനിച്ചത്. ക്രൈംബ്രാ‍ഞ്ച് ആസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് 25 കേസുകളെടുത്തത്. മൊഴികളില്‍ കുറ്റാരോപിതരുടെ വിവരങ്ങള്‍ കുറവായതിനാല്‍ പ്രതികളില്ലാതെയാണ് ഭൂരിഭാഗം കേസുകളും. പ്രതികളുള്ളതില്‍ തന്നെ ആരാണ് അവരെന്നതും

അതിജീവിതകളുടെ വിവരങ്ങളും രഹസ്യമാക്കിവെക്കും. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അന്ന് വീണ്ടും വിമര്‍ശനം കേള്‍ക്കാതിരിക്കാനാണ് കേസുകളെടുത്ത് കൂട്ടുന്നത്. ൈഹക്കോടതി നിര്‍ദേശവും അതിജീവിതകളുടെ താല്‍പര്യവും പരിഗണിച്ചായിരിക്കും പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുക. പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ 29 കേസെടുത്തിരുന്നു. പുതിയ 25 കേസുകൂടിയാകുമ്പോള്‍ സിനിമാലോകത്ത് ലൈംഗിക ചൂഷണ കേസുകളുടെയെണ്ണം 54 ആയി.

ENGLISH SUMMARY:

special investigation team has taken 25 cases based on the statements in the Hema committee report