തിരുവനന്തപുരത്ത് റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി ആലം അലിയുടെ മരണം ദുരൂഹമായി തുടരുന്നു. കൊച്ചുവേളി റയില്‍വേ സ്റ്റേഷനു സമീപം ആലം അലി ട്രെയിനിടിച്ചു മരിച്ചതെന്ന് പൊലീസും കൊലപാതകമെന്ന് സഹോദരന്‍ അനിറൂള്‍ ഇസ്ലാമും ഉറപ്പിച്ചു പറയുന്നു. സഹോദരന് നീതി തേടിയുള്ള അനിറൂളിന്‍റെ പോരാട്ടം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
കൂടുതൽ അന്വേഷണം നടത്തതെ പേട്ട പൊലീസ് കേസ് ഒതുക്കിയെന്നും കടയുടമ അനുജനെ മർദ്ദിച്ചെന്ന തന്‍റെ പരാതി പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും സഹോദരൻ പറയുന്നു. മരിക്കുന്നതിന് തൊട്ട് മുൻപ് തന്നോട് ഫോണിൽ സംസാരിച്ച് റയിൽവെ സ്റ്റേഷനിലേക്ക് റോഡിലൂടെ നടന്നു പോയ സഹോദരൻ എങ്ങനെ ട്രെയിൻ തട്ടി മരിക്കും എന്നാണ് സഹോദരൻ അനിറുൾ ഇസ്ലാമിന്‍റെ സംശയം. ഫോണിൽ സംസാരിച്ചു കൊണ്ട് ഒരാൾ ട്രാക്കിലേക്ക് നടന്നു കയറുകയായിരുന്നു എന്ന് ഏറനാട് എക്സ്പ്രസ് ലോക്കോ പൈലറ്റിന്റെ മൊഴിയുള്ളതയാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഫോൺ കൊൾ രേഖകളും പരിശോധിച്ച് വ്യക്തത വരുത്തണമെന്നാണ് സഹോദരന്‍റെ ആവശ്യം. സ്വാഭാവിക ട്രെയിൻ അപകടമെന്ന് പൊലീസ് വിലയിരുത്തുമ്പോഴും അനിരുൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ സംശയമുണർത്തുന്നു.
സഹോദരൻ ഫോണിൽ സംസാരിച്ചതായി അനിരുൾ പറയുന്ന സമയവും പൊലീസ് അപകടം നടന്നതായി പറയുന്ന ട്രെയിനിന്‍റെ സമയവും തമ്മിലെ വൈരുദ്യമാണ് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്. നീതി അർഹിക്കുന്നെങ്കിൽ അത് നിഷേധിക്കപ്പെടാതിരിക്കട്ടെ.