ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ്.സൊലൂഷന്‍സ് സി.ഇ.ഒയ്ക്കായി ലുക്കൗട്ട് നോട്ടിസ്. ഷുഹൈബ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നോട്ടിസ്. ക്രിസ്മസ് പരീക്ഷയുടെ ചോര്‍ത്തിയെന്ന് കരുതുന്ന ചോദ്യപേപ്പര്‍ ഷുഹൈബിന്‍റെ ലാപ‍്‌ടോപ്പില്‍ നിന്ന്  കണ്ടെത്താനായില്ല. ഫൊറന്‍സിക് പരിശോധനയിലൂടെ ചോദ്യപേപ്പര്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഒളിവില്‍ പോയ ഷുഹൈബിനുവേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഷുഹൈബിന്‍റെ വീട്ടിലും എംഎസ് സൊല്യൂഷന്‍സിന്‍റെ ഓഫീസിലും നടത്തിയ പരിശോധനയില്‍  രണ്ട് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഹാര്‍‍ഡ് ഡിസ്കും ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.  ലാപ്ടോപ്പില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ചോര്‍ത്തിയെന്ന് കരുതുന്ന ചോദ്യപേപ്പര്‍ കണ്ടെത്താനായില്ല. ‍‍ചോദ്യപേപ്പര്‍ ഡീലിറ്റ് ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പിടികൂടിയ ലാപടോപ്പും ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണും ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. 

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട്  ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഷുഹൈബ് ഒളിവിലാണ്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷുഹൈബിന്‍റെ മൊബൈല്‍ ഫോണും സ്വിച്ച്  ഓഫാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പത്താം ക്ലാസിന്‍റെ ഇംഗ്ലീഷും  പ്ലസ് വണിന്‍റെ കണക്ക് ചോദ്യപേപ്പറുമാണ് എംഎസ് സൊല്യൂഷന്‍സ് ചോര്‍ത്തിയത്.

ENGLISH SUMMARY:

Lookout notice for MS Solutions CEO in question paper leak.