ആഡംബരജീവിതം നയിക്കാനും മൊബൈല്‍ഫോണ്‍ വാങ്ങാനും മോഷണം നടത്തിയ ഇന്‍സ്റ്റഗ്രാം താരമായ യുവതി പൊലീസിന്റെ പിടിയിലായി. കൊല്ലം ചിതറ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ബന്ധുവിന്റെയും സുഹൃത്തിന്റെയും വീടുകളിലാണ് ഇരുപത്തിയാറുകാരിയായ മുബീന മോഷണം നടത്തിയത്.  

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്‍സ്റ്റഗ്രാം താരം മുബീന മോഷണക്കേസില്‍ കുടുങ്ങിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനാലിനായിരുന്നു ആദ്യ മോഷണം. മുബീനയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഏഴു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. പക്ഷേ അന്ന് മുബീനയാണ് കളളിയെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് കഴിഞ്ഞമാസം മുപ്പതിന് കുമ്മിള്‍ കിഴുനിലയിലെ മുബീനയുടെ ബന്ധുവീട്ടില്‍ മോഷണം. ഭര്‍തൃസഹോദരി മുനീറയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും കുട്ടികളുടെ ആഭരണങ്ങളുമടക്കം പത്തുപവനോളം മുബീന കൈക്കലാക്കി. 

ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ മുബീനയാണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രണ്ടു മോഷണങ്ങളെക്കുറിച്ചും മുബീന കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മോഷണ മുതലിലെ ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ മുബീനയുടെ ഭർത്താവ് അടുത്തിടെ വിദേശത്ത് പോയി. 

ആ‍ഢംബര ജീവിതം നയിക്കാനായിരുന്നു മോഷണം. ഒരുലക്ഷം രൂപയിലധികം വരുന്ന മൊബൈല്‍ഫോണ്‍ വാങ്ങാനും പണം ആവശ്യമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ വിഡിയോ ചെയ്ത് ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മുബീന. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

ENGLISH SUMMARY:

kollam crime; Instagram star arrested in case of stealing gold