ചികില്‍സാപ്പിഴവ് ആരോപിച്ചുള്ള പരാതികളിൽ ഡോക്ടർമാർക്ക് ലഭിക്കുന്ന സംരക്ഷണ നഴ്സുമാർക്കുമുണ്ടാകണമെന്ന് ഹൈക്കോടതി. നടപടികളുമായി മുന്നോട്ടുപോകുന്നതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ നിഷ്പക്ഷതയുള്ള, വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. കുറ്റം ആരോപിച്ചെന്ന പേരിൽ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലെ നഴ്സായിരുന്ന യുവതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് എടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. 10 വയസ്സുള്ള കുട്ടിക്ക് ചികില്‍സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്നതിന്റെ പേരിലായിരുന്നു നഴ്സിനെതിരെ കേസ്. എന്നാൽ ഒരു കുറ്റം ആരോപിച്ചെന്ന പേരിൽ അറസ്റ്റു ചെയ്യരുതെന്നും, നടപടികൾ ഉണ്ടാകതെന്നും ഹൈക്കോടതി നിർദേശിച്ചു. ബന്ധപ്പെട്ട മേഖലയിലെ മെഡിക്കൽ വിദഗ്ധന്റെ അഭിപ്രായം തേടിയതിനുശേഷമേ അന്വേഷണ ഉദ്യോഗസ്ഥൻ നടപടിയെടുക്കാവൂ എന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍റെ നിർദേശം. ഇതിനായി സർക്കാർ മൂന്നുമാസത്തിനുള്ളിൽ സർക്കുലർ പുറപ്പെടുവിക്കാനും കോടതി നിർദേശം നൽകി. 

ഡോക്ടർമാർക്കെതിരെയുള്ള പരാതികളിൽ നടപടികളെടുക്കും മുൻപ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 2008 ൽ സർക്കാർ സർക്കുലർ ഇറക്കി. സമാന സംരക്ഷണം നഴ്സുമാർക്കും ലഭിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ആതുരശുശ്രൂഷ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്. ഡോക്ടറിനെക്കാൾ കൂടുതൽ രോഗികളോടൊപ്പം ചെലവഴിക്കുന്നത് നഴ്സുമാരാണ്. രാവും പകലും ജോലി ചെയ്യുന്ന നഴ്സുമാർ കാണിക്കുന്ന അർപ്പണവും ജോലി സന്നദ്ധതയും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം, കുട്ടിയുടെ മരണത്തിനിടയായ സംഭവത്തിൽ ആരുടെയെങ്കിലും ഭാഗത്ത് ചികിത്സാപ്പിഴവുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.

ENGLISH SUMMARY:

High Court stated that nurses should also have the protection that doctors receive in complaints related to medical negligence. Before proceeding with actions, the investigating officer must seek the opinion of an impartial and expert doctor. The court also ordered that no actions, including arrests, should be taken against nurses merely on the basis of accusations.