TOPICS COVERED

ട്രെയിനിൽ വച്ചു കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷ് (34) ആണു മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നീട് വാതിൽ തുറക്കാഞ്ഞതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും അയൽവാസിയും ചേർന്നു വാതിൽ തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്.സന്തോഷ് ഒറ്റപ്പാലം തഹസിൽദാരുടെ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഷൊർണൂർ പൊലീസെത്തി മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്നു പൊലീസ് അറിയിച്ചു.അച്ഛൻ: ഗണേശൻ. അമ്മ: സുമതി. ഭാര്യ: നിമിഷ. മകൻ: നിഹാൻ.

മകളെ നഷ്ടപ്പെട്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരേയൊരു മകനെയും നഷ്ടപ്പെട്ട വേദനയിലാണു സന്തോഷിന്റെ അമ്മ സുമതി. സന്തോഷിന്റെ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ടു പോയത്. അതുകൂടി ഇല്ലാതായതോടെ അമ്മയും പ്രതിസന്ധിയിലായി. 2011 ഫെബ്രുവരി ഒന്നിനായിരുന്നു സൗമ്യയുടെ മരണം. എറണാകുളത്ത് നിന്നു ഷൊർണൂരിലേക്കു പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യവെ വള്ളത്തോൾ നഗർ സ്റ്റേഷൻ പിന്നിട്ടപ്പോഴാണു സൗമ്യ കൊല്ലപ്പെട്ടത്.സൗമ്യയുടെ മരണത്തിനു ശേഷം സർക്കാർ ഇടപെട്ടാണ് ഒറ്റപ്പാലം താലൂക്ക് ഓഫിസിൽ ഓഫിസ് അസിസ്റ്റന്റായി സഹോദരൻ സന്തോഷിനു ജോലി ലഭിച്ചത്. ആ വരുമാനത്തിലായിരുന്നു സന്തോഷും അമ്മയും ഭാര്യയും മകനും അടങ്ങുന്ന കുടുംബം ജീവിച്ചത്. സന്തോഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഒറ്റപ്പാലം താലൂക്ക് ഓഫിസിൽ പൊതുദർശനത്തിനു വച്ചു.ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, കേരള ടൂറിസം ഡയറക്ടർ പി.ബി.നൂഹ്, ഒറ്റപ്പാലം തഹസിൽദാർ അബ്ദുൽ മജീദ്, ഷൊർണൂർ നഗരസഭാധ്യക്ഷൻ എം.കെ.ജയപ്രകാശ് എന്നിവർ സന്തോഷിന്റെ വീട്ടിലെത്തി

Soumya's brother, who was killed in the train, was found dead in his bedroom: