പാലക്കാട്  തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. തേന്‍കുറിശ്ശി കൊല്ലത്തറ സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പ്രഭുകുമാര്‍, സുരേഷ് കുമാര്‍ എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. അനീഷിന്‍റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാറാണ് കേസില്‍ ഒന്നാം പ്രതി. ഹരിതയുടെ അമ്മാവനാണ് ശിക്ഷിക്കപ്പെട്ട സുരേഷ് കുമാര്‍. 2020 ലെ ക്രിസ്മസ് ദിനത്തിലാണ് അനീഷിനെ ഇവര്‍  വെട്ടിക്കൊലപ്പെടുത്തിയത്.

തേങ്കുറുശ്ശിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഹരിതയുടെയും അനീഷിന്‍റെയും വീടുകള്‍. വ്യത്യസ്ത ജാതികളിൽപ്പെട്ട അനീഷും ഹരിതയും സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു. സാമ്പത്തികമായും ഇരുകുടുംബങ്ങളും തമ്മില്‍ അന്തരമുണ്ടായിരുന്നു. പെയിന്‍റിങ് തൊഴിലാളിയായിരുന്നു അനീഷ്. ഹരിത വിവാഹതയാകുമ്പോള്‍ ബി.ബി.എ വിദ്യാര്‍ഥിനിയും. വീട്ടുകാർ മറ്റൊരാളുമായി ഹരിതയുടെ വിവാഹം നിശ്ചയിച്ചതിനു പിറ്റേന്നാണ് ഇരുവരും വിവാഹിതരായത്. ഇതേ തുടര്‍ന്ന് ഹരിതയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പ്രഭുകുമാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലിസ് ഇരുകുടുംബാംഗങ്ങളെയും വിളിച്ചുവരുത്തി. അനീഷിനൊപ്പം ജീവിക്കാനാണു തീരുമാനമെന്ന് ഹരിത അറിയിച്ചതോടെ പ്രശ്നങ്ങള്‍ പൊലീസ് പറഞ്ഞ് അവസാനിപ്പിച്ചു.

എന്നാൽ, പിന്നീടും പ്രഭുകുമാറും ഹരിതയുടെ അമ്മാവൻ സുരേഷ്കുമാറും അനീഷിനെ നിരന്തരം ഭീഷണിപ്പെടുത്തി. താലിക്കു 90 ദിവസത്തിലേറെ ആയുസ്സില്ലെന്നു ഹരിതയെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് 90 ദിവസം തികയുന്നതിന് തലേന്നാള്‍  ക്രിസ്മസ് ദിനമായിരുന്നു. വൈകിട്ട് അഞ്ചരയോടെ, അനീഷ് സഹോദരൻ അരുണിനൊപ്പം കടയിൽപ്പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. പ്രഭുകുമാറും സുരേഷ്കുമാറും ഇരുമ്പുദണ്ഡുകൊണ്ടു തലയിലടിക്കുകയും കത്തി കൊണ്ടു കുത്തുകയുമായിരുന്നെന്നു പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Life imprisonment for the accused in Palakkad Thenkurissi honor killing case