കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ നിറ സാന്നിധ്യമായ പ്രഫസർ എം.കെ.സാനുവിന്റെ 98–ാം പിറന്നാൾ ശിഷ്യന്മാരും സുഹൃത്തുക്കളും ചേര്‍ന്ന് കൊച്ചിയിൽ ആഘോഷിച്ചു. കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ എം.കെ.സാനു പുരസ്‌കാര നിർണയ സമിതി സംഘടിപ്പിച്ച പരുപാടിയിൽ അധ്യാപക ശ്രേഷ്‌ഠ പുരസ്‌കാര വിതരണവും നടന്നു.
സാഹിത്യ നിരൂപകൻ, അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പുതു തലമുറക്ക് ഇന്നും പ്രചോദനമാണ് പ്രൊഫസർ എം കെ സാനു. 98 വയസ് പിന്നിടുമ്പോഴും കൊച്ചിയിലെ പൊതു പരിപാടികളിൽ സജീവമായ മാഷിന്റെ ജന്മദിനത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് കൊച്ചിയിൽ സംഘടിപ്പിച്ചത്. എം കെ സാനു പുരസ്‌കാര സമിതി സംഘടിപ്പിച്ച പരുപാടിയിൽ അധ്യാപക ഗുരു ശ്രേഷ്ഠ പുരസ്‌കാരവും സമ്മാനിച്ചു.
തൃപ്പുണിത്തുറ ചോയിസ് സ്‌കൂൾ പ്രിൻസിപ്പൽ റേച്ചൽ ഇഗ്നേഷ്യസിനാണ് പുരസ്‌കാരം നൽകിയത്. കഴിഞ്ഞ 30 വർഷത്തെ അധ്യാപന സേവനത്തിനാണ് റേച്ചൽ ഇഗ്നേഷ്യസ് പുരസ്‌കാരത്തിന് അർഹയായത്.
ചിന്തയിലും എഴുത്തിലും സാനു മാഷിന് ഇപ്പോഴും ചെറുപ്പം ആണെന്ന് ജന്മദിന ആഘോഷ പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു. മോഹിനിയാട്ടവും സോപാന സംഗീതവും ഉൾപ്പടെ കലാപരിപാടികളും ജന്മദിന ആഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.