അംബേദ്ക്കര്‍ ചിന്തകളുടെ മൂര്‍ച്ചയുള്ള കത്തികൊണ്ട് ജാതിമേല്‍ക്കോയ്മയെന്ന അര്‍ബുദത്തെ മുറിച്ചു നീക്കാന്‍ നിരന്തരം പരിശ്രമിച്ച ധിഷണാശാലിയായിരുന്നു കെ.കെ കൊച്ച്. അരികുവല്‍ക്കരിപ്പെട്ടവരുടെ അടങ്ങാത്ത നാവായ അദ്ദേഹം ദലിതന്‍ എന്ന ആത്മകഥയിലൂടെ പ്രത്യയശാസ്ത്രമായി മാറി. ഏറ്റവും അപ്ഡേറ്റായ ആ ജനകീയ ചിന്തകന് കേരളം പക്ഷെ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല.
വീടിന്‍റെ തിണ്ണയെ തൊട്ടുരുമ്മി നില്‍ക്കുന്ന ചെളിയിലൂടെ നടന്നാണ് കരയിലെത്തുന്നത്. സമരസപ്പെടലുകളില്ലാത്ത, സമരങ്ങള്‍ നിലയ്ക്കാത്ത ജീവിത യാത്ര തുടങ്ങിയതിനെക്കുറിച്ച് ദലിതന്‍ എന്ന ആത്മകഥയില്‍ കെ.കെ കൊച്ച് അടയാളപ്പെടുത്തുന്നു. ആക്ടിവിസ്റ്റ്, ചരിത്രകാരന്‍, ചിന്തകന്‍, സാമൂഹിക നിരീക്ഷകന്‍, അടിസ്ഥാന വര്‍ഗങ്ങളുടെ അവകാശ സംരക്ഷണ പോരാളി. ആശയപരമായ നവീനത്വം കൊണ്ടും നിലപാടിലെ സൂക്ഷമതകൊണ്ടും കേരളത്തിലെ ബുദ്ധിജീവികള്‍ക്കിടയില്‍ കെ.കെ കൊച്ച് വേറിട്ട് നടന്നു. സമൂലമായ സാമൂഹിക മാറ്റത്തിനായി മൗലിക ചിന്തകള്‍ മുന്നോട്ടുവച്ചു. കോട്ടയം ജില്ലയിലെ മധുരവേലിയില്‍ 1949 ഫെബ്രുവരി 2ന് ജനിച്ചു. അച്ഛന്‍ കുഞ്ഞന്‍, അമ്മ കുഞ്ഞുപെണ്ണ്. വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 16 ദിവസം ജയില്‍ ശിക്ഷയനുഭവിച്ചു. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ആറുമാസക്കാലം ഒളിവില്‍. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശസമിതി എന്നീ സംഘടനകള്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കി.
1977ല്‍ കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍ പ്രവേശിച്ച് സീനിയര്‍ അസിസ്റ്റന്‍റായി വിരമിച്ചു. സാഹിത്യം, സിനിമ, രാഷ്ട്രീയം, ലിംഗഭേദങ്ങള്‍, കീഴാള പഠനങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. ബുദ്ധനിലേയ്ക്കുള്ള ദൂരം, കേരള ചരിത്രവും സമൂഹരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, കലാപവും സംസ്ക്കാരവും എന്നിങ്ങനെ പതിനാലോളം കൃതികള്‍. കേരള സാഹിത്യ അക്കൗദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചു. കുടുംബ മഹിമയുടെയും കുല മേന്മമയുടെയും ഗീര്‍വാണങ്ങളില്ലാതെ സ്വന്തം അനുഭവങ്ങളും സമൂഹത്തിലെ അസമത്വവും പച്ചയായി അടയാളപ്പെടുത്തിയ ദലിതന്‍ എന്ന ആത്മകഥ ദലിത് സാഹിത്യത്തിലെ ഈടുറ്റ കൃതിയാണ്. ഭൂപരിഷ്ക്കരണത്തെ ഇഎംഎസ് നമ്പൂതിരിമാര്‍ക്കുവേണ്ടി അട്ടിമറിച്ചുവെന്ന ആരോപണം ദലിതനിലുണ്ട്. സാമൂഹിക വ്യവസ്ഥയുമായി ഇണങ്ങിയും പിണങ്ങിയും മുഷിഞ്ഞും മുറിവേറ്റും നിന്ന കെ.കെ കൊച്ച് പാര്‍ശ്വവല്‍ക്കരിപ്പെട്ടവരില്‍ നിന്ന് കേട്ട അപൂര്‍വ ശബ്ദമാണ്.