തദ്ദേശസ്വയംഭരണ വാര്‍ഡ് വിഭജനത്തില്‍ ഡീലിമിറ്റേഷന്‍ കമ്മിഷനു കിട്ടിയത് നിരവധി പരാതികള്‍. നവംബര്‍ 16നു കരടുപട്ടിക പ്രസിദ്ധീകരിച്ചശേഷം മാത്രം പരാതികള്‍ പരിഗണിക്കാമെന്നും തീരുമാനം. വാര്‍ഡ് വിഭജനത്തില്‍ സിപിഎമ്മിന്‍റെ വ്യാപക ഇടപെടലെന്നാണ് പരാതികളേറെയും. 

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുവിഭജനത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെയാണ് പരാതികളുമെത്തിയത്. വാര്‍ഡുകളുടെ  അതിര്‍ത്തി പുനര്‍ നിര്‍ണയത്തില്‍ വ്യാപക ഇടപെടലുണ്ടായെന്നാണ് ആക്ഷേപം. ഡീ ലിമിറ്റേഷന്‍ കമ്മിഷനു ലഭിച്ച പരാതികളില്‍ നിലവില്‍ ഇടപെടേണ്ടെന്നാണ് തീരുമാനം. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയെന്നും കരട് റിപ്പോര്‍ട് വരുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നുമാണ് പരാതിക്കാരെ അറിയിച്ചിരിക്കുന്നത്.

അതിര്‍ത്തി പുനര്‍ നിശ്ചയിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട് ഇതിനോടകം കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പിശകുണ്ടെങ്കില്‍ തിരുത്തി ജില്ലാതല റിപ്പോര്‍ട് കലക്ടര്‍മാര്‍ ഡീ ലിമിറ്റേഷന്‍ കമ്മിഷനു നവംബര്‍ 5 നകം കൈമാറും. 16 നു കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം ഡിസംബര്‍ ഒന്നു വരെ കിട്ടുന്ന പരാതികളില്‍ അന്വേഷണ റിപ്പോര്‍ട് 26 ന് കലക്ടര്‍മാര്‍ കമ്മിഷനു നല്‍കാും. വാര്‍ഡ് വിഭജനത്തിനായി നേരത്തെ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിലായി നിലവിലുള്ള 21900 വാര്‍ഡുകള്‍ വാര്‍ഡുവിഭജന മെത്തുന്നതോടെ 23612 ആയി മാറും.  

ENGLISH SUMMARY:

The Delimitation Commission has received many complaints regarding the division of local government wards