മുഖ്യമന്ത്രിയെ തള്ളി സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍. പൂരം അലങ്കോലപ്പെട്ടു എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും പൂരം കലങ്ങിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലെന്നറിയില്ലെന്നും സുനില്‍കുമാര്‍. പ്രശ്നങ്ങളുണ്ടാക്കി ബിജെപി സ്ഥാനാര്‍ഥിക്ക് കാര്യങ്ങള്‍ അനുകൂലമാക്കി. എന്നോടാരും ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല, ചോദിച്ചാല്‍ കൃത്യമായ ഉത്തരമുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയില്ലെന്ന് പറഞ്ഞത് നുണയാണെന്ന് ആരോപിച്ച സുനില്‍കുമാര്‍, സുരേഷ് ഗോപിയെ രക്ഷകനാക്കി സംഘപരിവാര്‍ ചിത്രീകരിച്ചെന്നും കൃത്യമായ ആലോചന ഇതിനുപിന്നില്‍ നടന്നെന്നും പറയുന്നു.
പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്‍റെ ലക്ഷ്യമാണെന്നും പ്രതിപക്ഷം ഇതേ വാദം ഉന്നയിക്കുന്നത് സംഘപരിവാറിന്‍റെ ബി ടീമായതിനാലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പൂരം നടക്കേണ്ട രീതിയിലല്ല നടന്നതെന്നും കലക്കാന്‍ ഗൂഢാലോചന നടന്നെന്നുമുള്ള സിപിഐ വാദവും തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം മാത്രമാണ് ഉണ്ടായത്. ചില ആചാരങ്ങള്‍ ചുരുക്കേണ്ടി വന്നു, വെടിക്കെട്ട് രാവിലെ മാത്രമേ നടന്നുള്ളൂ. സമാപന വെടിക്കെട്ടും വൈകി, ദീപാലങ്കാരം അണയ്ക്കുന്ന നടപടിയും ഉണ്ടായി. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം അലങ്കോലപ്പെട്ടെന്ന് വ്യക്തമാക്കി പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തശേഷമാണ് ഇത്തരത്തിലുള്ള മുഖ്യമന്ത്രിയുടെ വിശദീകരണക്കുറിപ്പ് .