മലയാളി സംഘത്തെ കംബോഡിയയിൽ എത്തിച്ചു തൊഴിൽത്തട്ടിപ്പ് നടത്തിയത് അടുത്ത സുഹൃത്തെന്ന് തട്ടിപ്പിന് ഇരയായവർ. ചൈനീസ് കമ്പനിയിലൂടെ കേരളത്തിൽ നിന്ന് അടക്കം ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ആവശ്യപ്പെട്ടത്. ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നും രക്ഷപ്പെട്ട് തിരികെ എത്തിയ ഏഴംഗ സംഘം പറഞ്ഞു.
ഈ മാസം ആദ്യമാണ് തായ്‌ലൻഡിൽ ഒരു ലക്ഷം രൂപ ശമ്പളം വാഗ്ദാനം നൽകി ബംഗളൂരുവിൽ നിന്ന് മലയാളി സംഘത്തെ കൊണ്ടുപോയത്. തായ്‌ലൻഡിൽ നിന്ന് കംബോഡിയയിൽ എത്തിച്ച ഇവരെ 2500 ഡോളറിന് മറ്റൊരു സംഘത്തിന് വിൽക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരുടെ അടുത്ത സുഹൃത്തും സഹോദരനുമാണ് പറ്റിച്ചത്.
സൈബർ തട്ടിപ്പ് നടത്തലായിരുന്നു ഇവർക്ക് നൽകിയ ജോലി. പല ഭാഷാകൾ അറിയാവുന്ന നൂറ് കണക്കിന് ആളുകളെ തട്ടിപ്പിന് ഇരയാക്കി ഇവിടെ എത്തിച്ചിട്ടുണ്ട്. ജോലി ചെയ്യാൻ വിസമ്മതിക്കുന്നവരെ ക്രൂരമായി മർദിക്കും. ഇലക്ട്രിക് ഷോക്ക് ഏൽപ്പിച്ചു. ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു കയ്യോടിച്ചു. മർദിച്ചു അവശരാക്കി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ഇവർ രക്ഷപ്പെട്ടത്.
പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് നാട്ടിലേക്ക് മടങ്ങി എത്തിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന പേരാമ്പ്ര സ്വദേശി അബിൻ ഇപ്പോഴും കംബോഡിയയിൽ തുടരുകയാണ്. അബിന്റെ ജീവൻ അപകടത്തിൽ ആണെന്നും എത്രയും വേഗത്തിൽ ഇടപെടൽ ഉണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം. അബിന്റെ അച്ഛന്റെ പരാതിയിൽ പേരാമ്പ്ര പോലീസ് കേസ് എടുത്തിട്ടുണ്ട്. വടകര സ്വദേശികളായ ഏഴ് യുവാക്കളാണ് രക്ഷപ്പെട്ട് തിരികെ എത്തിയത്.