പതിനഞ്ച് ദിവസം പി.പി.ദിവ്യയെ സംരക്ഷിച്ച പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും കാണിച്ചത് കരുതലും നാടകവും. സി.പി.എമ്മും പൊലീസും തമ്മിലുള്ള ധാരണപ്രകാരമാണ് പയ്യന്നൂരിലെ ഒളിയിടം ഉപേക്ഷിച്ച് കണ്ണപുരത്തെത്തിയുള്ള കീഴടങ്ങല്‍ നാടകത്തിന് വേദിയൊരുക്കിയത്. റോഡില്‍ വച്ച് കീഴടങ്ങാന്‍ അവസരം ഒരുക്കിയതോടെ ഇത്രയും ദിവസം ഒളിവില്‍ കഴിഞ്ഞയിടം പുറത്തറിയാതെ പൊലീസ് സംരക്ഷിച്ചു. ദിവ്യയെ മാധ്യമങ്ങളുടെ കണ്ണില്‍ നിന്ന് രക്ഷിക്കാന്‍ കമ്മീഷണര്‍ തന്നെ നേരിട്ടെത്തി നുണ പറയുന്നതിനും കണ്ണൂര്‍ സാക്ഷിയായി.
Read Also: ഒളിപ്പിക്കല്‍, കീഴടങ്ങാനുള്ളവരവ്, കസ്റ്റഡി, ക്രൈംബ്രാഞ്ച് ഓഫീസിലഭയം; എല്ലാം നാടകം
അറസ്റ്റ് ചെയ്യേണ്ടിവന്നാലോയെന്ന് പേടിച്ച് ദിവ്യയുടെ കണ്ണിലൊന്നും പെടാതെ ഒളിച്ചൊളിച്ചാണ് പതിനഞ്ച് രാപ്പകലുകള്‍ കണ്ണൂര്‍ പൊലീസ് കഴിച്ചുകൂട്ടിയത്. പക്ഷെ മുന്‍കൂര്‍ജാമ്യം നിഷേധിച്ച കോടതി പൊലീസിന്റെ എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു. അറസ്റ്റ് ചെയ്യാതെ നിവൃത്തിയില്ലെന്നായി. ദിവ്യയോട് കീഴടങ്ങാന്‍ സി.പി.എം നിര്‍ദേശിച്ചെന്ന വാര്‍ത്ത വന്നതോടെ പൊലീസ് പതുക്കെ ദിവ്യയെ തേടിയിറങ്ങി. ആദ്യം പോയത് ഒരാഴ്ചയിലേറെ അടഞ്ഞ് കിടക്കുന്ന ദിവ്യയുടെ വീട്ടിലേക്ക്.
അതിനിടയില്‍ പാര്‍ട്ടിയും പൊലീസും തമ്മില്‍ കസ്റ്റഡി നാടകത്തിന്റെ തിരക്കഥ തയാറാക്കി. പയ്യന്നൂരില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെ ദിവ്യ കാറില്‍ കണ്ണപുരം ഭാഗത്തെത്തി. മുന്‍കൂട്ടി കിട്ടിയ നിര്‍ദേശം അനുസരിച്ച് പൊലീസ് വഴിയില്‍ കാത്ത് നിന്നു. ദിവ്യയുടെ കാറ് കണ്ടതോടെ ചാടിവീണ് തടഞ്ഞു. താന്‍ ഒളിച്ചോടുകയല്ലെന്നും കീഴടങ്ങാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്നും ദിവ്യ. അതുവേണ്ട ഞങ്ങള്‍ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ്. അങ്ങിനെ കീഴടങ്ങലെന്ന് ദിവ്യയും പിടികൂടിയതെന്ന് പൊലീസും അവകാശപ്പെടുന്ന നാടകത്തിന് അവിടെ ക്ളൈമാക്സ്. റോഡില്‍ വച്ച് പിടികൂടിയതോടെ ഒളിവിടം ഏതാണെന്നോ ആരാണ് ഒളിപ്പിച്ചതെന്നോ ഉത്തരം പറയേണ്ട കാര്യമില്ലെന്നായി. നാടകം അവിടെയും തീര്‍ന്നില്ല. അടുത്ത തിരക്കഥയുമായി പ്രത്യക്ഷപെട്ടത് കമ്മീഷണര്‍.
ഒന്നിനും കൃത്യമായി ഉത്തരം നല്‍കാതിരുന്ന കമ്മീഷണര്‍ ഉറപ്പിച്ച പറഞ്ഞ ഒരേയൊരു കാര്യം ദിവ്യയെ ഉടന്‍ കമ്മീഷണര്‍ ഒഫീസിലെത്തിക്കുമെന്ന്. അതുവിശ്വസിച്ച് മാധ്യമങ്ങളെല്ലാം അവിടെ കാത്ത് നിന്നു. ആ സമയം കേസുമായി ഒരുബന്ധവുമില്ലാത്ത ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിവ്യയെ എത്തിച്ചു. പ്രതിയായ ദിവ്യയുടെ ചിത്രം മാധ്യമങ്ങളിലൂടെ നാട്ടുകാര് കാണാതിരിക്കാനുള്ള രക്ഷാപ്രവര്‍ത്തനം. അങ്ങിനെ വി.ഐ.പി പ്രതിക്കുവേണ്ടിയുള്ള ഒളിച്ചുകളിയും കരുതലും തുടരുകയാണ് മുഖ്യമന്ത്രിയുടെ സ്വന്തം പൊലീസ്.