കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്‍റെ മരണത്തെ കുറിച്ചുള്ള നിയമസഭാ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി. നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയോ എന്ന ചോദ്യത്തിന് അന്വേഷണം നടന്നുവരികയാണെന്നു മാത്രമാണ് മറുപടി. പ്രതിപക്ഷ എം.എല്‍എമാരുടെ ഇതുസംബന്ധിച്ച മറ്റു ചോദ്യങ്ങള്‍ക്ക് ഇതുവരെ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുമില്ല.
നിയമസഭയില്‍ ഉയര്‍ന്ന ചോദ്യം ഇതാണ് : വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നവീന്‍ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്ന് കണ്ടെത്തിയിട്ടുണ്ടോ? മുഖ്യമന്ത്രിയുടെ ഉത്തരം ഇങ്ങനെ : ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരുപ്രാഥമിക അന്വേഷണം നടന്നുവരികയാണ്.
ടിജെ വിനോദിന്‍റെ ചോദ്യത്തിന് പാതിപറഞ്ഞു നിറുത്തിയ മറുപടി ഇതാണെങ്കില്‍ അഴിമതി ആരോപിച്ച് ടി.വി പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയോ എന്ന ചോദ്യത്തിനാകട്ടെ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. നവീന്‍ ബാബുവിന്‍റെ മരണവും തുടര്‍നടപടികളുമായി ബന്ധപ്പെട്ട് സണ്ണി ജോസഫാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ചോദ്യം : ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിത് എന്താണ് ? ഉത്തരം : ഇന്‍ക്വസ്റ്റ് തിടുക്കപ്പെട്ടല്ല നടത്തിയത് , എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ട്.
അടുത്തചോദ്യം പരിയാരത്തെ പോസ്റ്റ് മോര്‍ട്ടത്തെ കുറിച്ചാണ്. പരിയാരത്ത് പോസ്റ്റ് മോര്‍ട്ടം നടത്തരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ല, അന്വേഷണ ഘട്ടത്തിലുള്ള കേസായതിനാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വിപ്രശാന്തനെതിരെ കേസെടുക്കുമോ എന്ന ചോദ്യത്തിനും മറുപടിയില്ല.