''തെയ്യം കണ്ട് ലയിച്ച് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പിന്നിലൊരു വലിയ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോ കണ്ടത് വലിയ തീഗോളമാണ്.എന്താണ് സംഭവിക്കുന്നതെന്ന് പോലും പെട്ടെന്ന് മനസിലായില്ല. പരിഭ്രാന്തരായി ആളുകള്‍ പിന്തിരിഞ്ഞോടുകയായിരുന്നു.ഓട്ടത്തിനിടയില്‍ പലരും നിലത്തുവീഴുന്നുണ്ടായിരുന്നു. പലര്‍ക്കും ചവിട്ടേറ്റു. വെടിക്കെട്ട് പുരയോട് ചേര്‍ന്ന് നിരവധിയാളുകളുണ്ടായിരുന്നു. പ്രധാന ചടങ്ങിലേക്ക് അടുക്കുന്ന സമയമായിരുന്നു.അതുകൊണ്ട് തന്നെ എല്ലാവരുടേയും ശ്രദ്ധ അതിലേക്കായിരുന്നു. ജനങ്ങള് കൂടുന്നത് തന്നെ തെയ്യക്കോലം കാണാനാണ്.വെടിക്കെട്ടിന് വലിയ പ്രാധാന്യമൊന്നുമല്ല. അതുകൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ മുഴുവന്‍ തെയ്യത്തിലായിരുന്നു. ഒരു തീപ്പൊരി വന്ന് വെടിക്കെട്ട് പുരയിലേക്ക് വീണു.പെട്ടെന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതാണ് കാണുന്നത്. ആകെ മരവിച്ചിട്ട് നിന്നിടത്ത് നിന്ന് അനങ്ങാന്‍ പോലും ആദ്യം പറ്റിയില്ല.'' നാട്ടുകാര്‍ നടുക്കത്തോടെ സംഭവം ഓര്‍ത്തെടുത്തു.
കാസർകോട് നീലേശ്വരം വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്.. ഇന്നലെ രാത്രി തെയ്യംകെട്ടലിനിടെയാണ് തീപിടിത്തവും ഉഗ്രശബ്ദത്തോടെ സ്ഫോടനവുമുണ്ടായത്. അപകടത്തില്‍ 157 പേർക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ മൂന്നുപേരുടെനില ഗുരുതരമാണ്. പരുക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി. 97 പേര്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നുവെന്നാണ് വിവരം.
പരിയാരം മെഡിക്കല്‍ കോളജിലും കോഴിക്കോട് മിംസ് ആശുപത്രിയിലും ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെയാണെന്ന സൂചനകളുമുണ്ട്. വെടിക്കെട്ടിന് അനുമതിയില്ലെന്ന് കലക്ടര്‍ കെ. ഇമ്പശേഖരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ വ്യക്തമാക്കി. ക്ഷേത്രം പ്രസിഡന്‍റും സെക്രട്ടറിയുമാണ് കസ്റ്റഡിയിലായത്.