കാസര്‍കോട് നീലേശ്വരത്ത് ക്ഷേത്ര ഉല്‍സവത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ചതില്‍ പൊലീസിനെ വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പരിശോധന നടത്താതിരുന്നത് പൊലീസിന്‍റെ വീഴ്ചയാണ്. കമ്പംകെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്നതില്‍ ക്ഷേത്രഭാരവാഹികള്‍ക്കും വീഴ്ച സംഭവിച്ചുവെന്നും ഇന്ന് പതിനായിരങ്ങള്‍ പങ്കെടുക്കേണ്ട ഇടമായിരുന്നുവെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. Read Also: ഒരു തീപ്പൊരി വെടിക്കെട്ട് പുരയിലേക്ക് വീഴുന്നു; നടുക്കുന്ന ദൃശ്യങ്ങള്‍
അതേസമയം, അപകടത്തില്‍ പരുക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ടപകടമുണ്ടായത്. പരുക്കറ്റവരില്‍ 97പേര്‍ മംഗളുരു, കാഞ്ഞങ്ങാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി ചികില്‍സയിലാണ്. ബാക്കിയുള്ളവരെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. ക്ഷേത്രത്തിന്റെ കലവറയില്‍ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. വീര്യം കുറഞ്ഞ പടക്കങ്ങളാണ് ഉപയോഗിച്ചത്.