manjusha-divya
  • 'നീതിക്കായി ഏതറ്റം വരെയും പോകും'
  • കലക്ടറുടെ നടപടി ശരിയായില്ലെന്നും മ‍‍ഞ്ജുഷ
  • പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യാകുറ്റം ചുമത്തപ്പെട്ട പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകണമെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ. തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. നീതി ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പി.പി ദിവ്യയ്ക്ക് യാത്രയയപ്പ് വേദിയില്‍ സംസാരിക്കാന്‍ അവസരമൊരുക്കിയ ജില്ലാ കലക്ടറുടെ നടപടി ശരിയായില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അവര്‍ വിമര്‍ശനം ഉന്നയിച്ചു. അത്തരമൊരു കാര്യം സംസാരിക്കാനുള്ള വേദി അതായിരുന്നില്ലെന്നും മഞ്ജുഷ പറഞ്ഞു. സംഭവം നടന്നതില്‍ വിഷമത്തിലാണ് നവീന്‍ അന്ന്  വൈകുന്നേരം വിളിച്ച് സംസാരിച്ചത്. ട്രെയിനിലാണെന്ന് തന്നെയാണ് നവീന്‍ അവസാനം സംസാരിക്കുമ്പോഴും പറയുന്നത്. നവീന്‍ എത്തരത്തിലെ ഉദ്യോഗസ്ഥനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പറ‍ഞ്ഞു. Also Read: പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; തള്ളി കോടതി

നീതിക്ക് വേണ്ടി മുന്നോട്ട് പോകുമെന്ന് നവീന്‍ബാബുവിന്‍റെ സഹോദരനും പ്രതികരിച്ചു. നിയമവഴിയാണ് കുടുംബം നോക്കിയതും സ്വീകരിച്ചതും. അങ്ങനെതന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ പി.പി. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഒറ്റവരിയിലായിരുന്നു തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. 23ന് വിശദമായ വാദം കേട്ട ശേഷമാണ് ഹര്‍ജി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്. തലശേരി സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും. 

ENGLISH SUMMARY:

Police should be ready to arrest P.P. Divya, who has been accused of inciting suicide in Naveen's death, demands Naveen's wife. She also said that the accused should get the maximum punishment.