കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തിനിടയാക്കിയ പി.പി. ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നവീന്‍ബാബുവിനെ അപമാനിക്കുകയായിരുന്നു ദിവ്യയുടെ ഉദ്ദേശം. ആഘാതം മനസിലാക്കി തന്നെയാണ് ദിവ്യയുടെ പ്രവൃത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വിധിപ്പകര്‍പ്പില്‍ കോടതി വ്യക്തമാക്കുന്നു. ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്ന വാദം അംഗീകരിച്ച കോടതി 38 പേജുള്ള വിധിയാണ് പുറപ്പെടുവിച്ചത്. ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും കോടതി വ്യക്തമാക്കുന്നു. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കി.
ദിവ്യയുടെ പ്രവൃത്തി പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്തതാണ്. പ്രശാന്തിന്റെ പരാതി ഹാജരാക്കാന്‍ പോലും ദിവ്യയ്ക്ക് കഴിഞ്ഞില്ല. ഗംഗാധരന്‍റെ പരാതിയാണ് ഹാജരാക്കിയത്. അതിലാവട്ടെ കോഴ ആരോപണം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗം തേടണമായിരുന്നു. ദിവ്യയ്ക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നും കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് നവീന്‍ബാബു അപമാനിക്കപ്പെട്ടു. അപമാനഭാരം താങ്ങാനാവാതെയാണ് നവീന്‍ ജീവനൊടുക്കിയതെന്നും കോടതി വ്യക്തമാക്കുന്നു.
അതേസമയം, എഡിഎമ്മിന്റെ ആത്മഹത്യയില്‍ പി.പി.ദിവ്യ ഉടന്‍ കീഴടങ്ങണമെന്ന് സിപിഎം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടി ഇടപെടല്‍. പി.പി.ദിവ്യയുടെ അറസ്റ്റിന് ശ്രമിക്കുന്നുവെന്ന് പൊലീസ് പറയുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി.