കണ്ണൂര്‍ ജില്ല മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയ കേസിലാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എവിടെ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തതെന്ന് വെളിപ്പെടുത്താന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്കുമാര്‍ തയ്യാറായില്ല. ദിവ്യ നിരീക്ഷണത്തിലായിരുന്നുവെന്നും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. ദിവ്യയ്ക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പി.പി. ദിവ്യയെ ഹാജരാക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ദിവ്യയോട് കീഴടങ്ങാന്‍ സിപിഎമ്മും നിര്‍ദേശിച്ചിരുന്നു. Also Read: ഞങ്ങളുടെ ജീവിതം നശിപ്പിച്ചു ; നീതിവേണമെന്ന് നവീന്‍റെ ഭാര്യ
അതേസമയം, ദിവ്യ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്ന് വ്യക്തമാക്കുന്നതാണ് തലശേരി കോടതി പുറപ്പെടുവിച്ച വിധിപ്പകര്‍പ്പ്. 38 പേജ് നീളുന്ന വിധിപ്പകര്‍പ്പില്‍ ദിവ്യയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവും കോടതി ഉയര്‍ത്തുന്നു. പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്ത പ്രവൃത്തിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നു ചൂണ്ടിക്കാട്ടിയ കോടതി, പരാതിയുണ്ടായിരുന്നുവെങ്കില്‍ നിയമപരമായ പരിഹാര മാര്‍ഗങ്ങളായിരുന്നു തേടേണ്ടിയിരുന്നതെന്നും വ്യക്തമാക്കി.
യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. നവീനെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി തയ്യാറാക്കിയ പ്രസംഗമായിരുന്നു ദിവ്യ നടത്തിയത്. ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നതിനായി സ്വകാര്യ ചാനലിനെയും വിളിച്ചു വരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി. തന്‍റെ പ്രവൃത്തിയുടെ ആഘാതം അറിഞ്ഞുതന്നെയാണ് ദിവ്യ ഇതെല്ലാം ചെയ്തത്. സഹകപ്രവര്‍ത്തകരുടെ മുമ്പില്‍ വച്ച് അപമാനിക്കപ്പെട്ട നവീന്‍ബാബു, അപമാനഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നുവെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു.