കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നിരനിരയായി ഇടിച്ചുകയറിയത് വലിയ ചര്‍ച്ചയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെങ്കിലും വാഹനവ്യൂഹത്തിന്‍റെ അമിതവേഗം സൈബറിടത്തില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഒന്നാം നമ്പർ കാർ അടക്കം മൂന്ന് കറുത്ത കാറുകളും പിന്നാലെ വന്ന പൊലീസിന്‍റെ രണ്ട് ജീപ്പുകളും ആംബുലൻസുമാണ് അന്ന് കൂട്ടിയിടിച്ചത്. 2 ബൊലേറോ ജീപ്പുകള്‍ ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ട് ഇന്നോവയ്ക്ക് പിന്നിലേക്ക് ഇടിച്ചുകയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
വിഐപികള്‍ക്കള്‍ക്ക് എസ്കോര്‍ട്ട് പോകാന്‍ ബൊലേറോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തന്നെ ഭരണപരിഷ്കാര വകുപ്പ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ക്കും വിവിഐപികള്‍ക്കും എസ്‌കോര്‍ട്ട് പോകുന്ന പൈലറ്റ് വാഹനങ്ങളെകുറിച്ച് അന്ന് ഗൗരവകരമായ നിരീക്ഷണമാണ് നടത്തിയിരുന്നത്.
കൂടുതല്‍ ഭാരമുള്ള ഉയര്‍ന്ന വേഗം കൈവരിക്കാന്‍ സാധിക്കുന്ന ഇന്നോവ ക്രിസ്റ്റ പോലുള്ള വാഹനങ്ങള്‍ക്കൊപ്പം അകമ്പടിയായി ഓടുന്നതിലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ അന്ന് തന്നെ ഭരണപരിഷ്കാര കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിക്കപ്പും സ്പീഡും കുറവാണെന്നും ഇത്തരം വാഹനങ്ങള്‍ എസ്‌കോര്‍ട്ട് പോകുന്നത് സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍ എസ്‌കോര്‍ട്ടിന് ഇന്നോവ ശ്രേണിയിലുള്ള വാഹനങ്ങള്‍ വാങ്ങണമെന്നും എസ്‌കോര്‍ട്ട് ആവശ്യങ്ങള്‍ക്ക് മാത്രമായി ഈ വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
ഇന്നോവ പൊലെ മികച്ച ബ്രേക്കിങും സ്റ്റെബിലിറ്റിയുമില്ലാത്ത വാഹനം ഇത്രവേഗതയില്‍ ഓടുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. എസ്കോര്‍ട്ട് വാഹനങ്ങളുടെ കാര്യത്തില്‍ അടിമുടി പുനഃക്രമീകരണം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും 16 മാസങ്ങള്‍ക്കിപ്പുറവും ഈ വാഹനങ്ങള്‍ എസ്കോര്‍ട്ടായി നിലം തൊടാതെ പായുകയാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ആഭ്യന്തരവകുപ്പ് വലയുകയാണെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ മൗനത്തിലാണ്. സേന വാഹനങ്ങളുടെ കാലപ്പഴക്കം, പോലീസ് ഡ്രൈവര്‍ തസ്തികകളിലെ കുറവ്, ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്കുക തുടങ്ങി ഗൗരവതരമായ നിരീക്ഷണങ്ങള്‍ അന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.