കൊല്ലത്ത് അഷ്ടമുടിക്കായലില്‍ മീനുകള്‍ ചത്തുപൊങ്ങിയത് കറ വെള്ളം എന്ന പ്രതിഭാസം കൊണ്ടാണെന്ന് പ്രാഥമിക വിലയിരുത്തൽ. ശുചിമുറിമാലിന്യം ഉള്‍പ്പെടെ കായലില്‍ എത്തിയതും പ്രധാനകാരണമാണ്. ഫിഷറീസ് വകുപ്പും കേരള ഫിഷറീസ് സർവകലാശാലയും കായലില്‍ പരിശോധന നടത്തി.
കഴിഞ്ഞ രണ്ടു ദിവസമായി ടൺ കണക്കിനു മീനുകളാണ് അഷ്ടമുടിക്കായലില്‍ ചത്തു പൊങ്ങിയത്. മാലിന്യം തന്നെയാണ് മീനുകളെ ഇല്ലാതാക്കിയതിന് കാരണമെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ ഇതിനെ ശരിവയ്ക്കുന്നതാണ് വിദഗ്ധരുടെയും അഭിപ്രായങ്ങള്‍.
ആൽഗേ ബ്ലൂം അല്ലെങ്കില്‍ കറ വെള്ളം എന്ന പ്രതിഭാസമാണ് മീനുകളെ കൊന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശുചിമുറി മാലിന്യവും, സംസ്കരിക്കാത്ത അഴുക്കു വെളളവുമൊക്കെ കൂടുതലായി കായലില്‍ എത്തിയാല്‍ ആൽഗേ ബ്ലൂം ഉണ്ടായേക്കാം.
കാലാവസ്ഥ വ്യതിയാനവും ആൽഗേ ബ്ലൂമിന് മറ്റൊരു കാരണമാണ്. ആൽഗേ ബ്ലൂം വ്യാപിക്കുമ്പോള്‍ രാത്രിയില്‍ പ്രകാശ സംശ്ലേഷണം നടക്കാത്തതു കൊണ്ട് വെളളത്തിലെ ഓക്സിന്റെ അളവ് കുറഞ്ഞ് മീനുകള്‍ ചത്തുപൊങ്ങും. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും കേരള ഫിഷറീസ് സർവകലാശാലയുടെ വിദഗ്ധ സംഘവും കായലില്‍ പരിശോധന നടത്തി.
കുഫോസ് സംഘം പത്തിലധികം സ്ഥലങ്ങളില്‍ നിന്ന് വെളളത്തിന്റെ സാംപിള്‍ ശേഖരിച്ചു. ഒരാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് തയാറാകുമെന്നാണ് വിവരം.