കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷം. റബ്ബർ, കശുമാവ് തോട്ടങ്ങളിൽ അടുത്തിടെ പുലി ഇറങ്ങിയതാണ് തോട്ടം തൊഴിലാളികളെയും നാട്ടുകാരെയും ഭീതിയിലാക്കുന്നത്.
പുന്നല കടശ്ശേരി, തെന്മല എന്നിവിടങ്ങളിലാണ് അടുത്തിടെ വന്യമൃഗ ശല്യത്താൽ പരാതി ഉയർന്നത്. ചിതൽവെട്ടിയിലെ കശുമാവിൻ തോട്ടത്തിൽ നിന്ന് പുലിയെ കൂട് വച്ച് പിടികൂടിയിരുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒന്നിലധികം പുലികൾ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നുവെങ്കിലും ഒന്നിനെ മാത്രമാണ് പിടികൂടിയത്. ഇതിനിടെയാണ് പുന്നലയിൽ പുലിയുടെ ആക്രമണം. പുലിയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. കണ്ണങ്കര ചരുവിള പുത്തൻവീട്ടിൽ മോഹന്റെ കന്നുകാലിയെ കഴിഞ്ഞ ദിവസം പുലി പിടിച്ചു. വനം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പുലിയെ പിടിക്കാൻ കൂടുവെയ്ക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തെന്മല പഞ്ചായത്തിലെ നാഗമല വാർഡിൽ പുലി ഇറങ്ങി പശുക്കിടാവിനെ കൊന്നതായാണ് മറ്റൊരു പരാതി. മാമ്പഴത്തറ പണ്ടാരവിള വീട്ടിൽ സത്യശീലന്റെ മൂന്നു വയസ്സ് പ്രായമുള്ള പശുക്കടാവിനെ ആണ് പുലി ആക്രമിച്ച് കൊന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഈ ഭാഗത്ത് പുലിയിറങ്ങി വന്യജീവികളെ ആക്രമിക്കുന്നത് പതിവാണെന്ന് പറയുന്നു പുലർച്ചെ റബ്ബർ ടാപ്പിങ്ങിനും മറ്റും പോകുന്ന തൊഴിലാളികളും ആശങ്കയിലാണ്. കാട്ടാനയുടെയും കാട്ടുപന്നിയുടെയും ശല്യവും കർഷകരെയും തൊഴിലാളികളെയും ഭീതിയിലാകുന്നു.