തെറ്റുപറ്റി എന്ന് നവീന്‍ ബാബു പറഞ്ഞെന്ന മൊഴി ശരിവച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍. കോടതി വിധിയില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ല. 

കുറ്റസമ്മതമാണെന്ന് വ്യാഖ്യാനിക്കാനില്ല. അത് കണ്ടെത്തേണ്ടത് പൊലീസും കോടതിയുമാണ്. എന്‍റെ അനുഭവത്തില്‍ എ.ഡി.എം നവീന്‍ ബാബു നല്ല ഉദ്യോഗസ്ഥനാണ്. എ.ഡി.എമ്മിന്‍റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ വെരിഫൈ ചെയ്തോളൂ എന്നായിരുന്നു കലക്ടറുടെ മറുപടി. 

Read Also: യോഗത്തിനെത്തിയത് കലക്ടര്‍ ക്ഷണിച്ചിട്ട്; പോയത് നല്ല ഉദ്യേശ്യത്തില്‍: ദിവ്യ

നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രശാന്തിനേയും പ്രതിചേര്‍ക്കണമെന്ന് നവീന്‍റെ ഭാര്യാസഹോദരന്‍ ഹരീഷ് ആവശ്യപ്പെട്ടു. ഗൂഢാലോചന പുറത്തുവരണം. ബിനാമി ഇടപാടുകള്‍ പുറത്തുവരാന്‍ അന്വേഷണം അനിവാര്യമാണ്. വ്യാജ പരാതിയടക്കം സത്യം തെളിയാന്‍ പ്രശന്തിന്‍റെ പങ്കും അന്വേഷിക്കണമെന്ന് ഹരീഷ് മനോരമ ന്യൂസിനോട് പറഞ്ഞു 

അതേസമയം, എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് പോയത്  കലക്ടര്‍ ക്ഷണിച്ചിട്ടെന്ന് ആവര്‍ത്തിച്ച് പി.പി.ദിവ്യ. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് ദിവ്യ കലക്ടറുടെ മൊഴി തള്ളിയത്. തനിക്കുണ്ടായത് നല്ല ഉദ്ദേശ്യമെന്നും മൂന്ന് മണിക്കൂര്‍ നീണ്ട പൊലീസിന്റെ ചോദ്യം െചയ്യലില്‍ ദിവ്യ പറഞ്ഞു. പി.പി.ദിവ്യയ്ക്കായി പുതിയ വാദങ്ങളുമായി ജാമ്യാപേക്ഷ തയാറാക്കുന്നു. ജാമ്യാപേക്ഷയില്‍ പൊലീസിനെതിരെ ആരോപണങ്ങള്‍ ദിവ്യ നിരത്തുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും പ്രശാന്ത് പൊലീസിന് കൊടുത്ത മൊഴി കോടതിയില്‍ ഹാജരാക്കിയില്ലെന്നും ദിവ്യ ആരോപിക്കുന്നു. 

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും.  പ്രത്യേക അന്വേഷണസംഘം നാളെ മലയാലപ്പുഴയിലെ വീട്ടിലെത്തും. പ്രശാന്തിനെ പ്രതി ചേര്‍ക്കുന്നതടക്കം പരിശോധിക്കും.

പി.പി.ദിവ്യക്കെതിരായ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന്  പ്രത്യേക അന്വേഷണസംഘം യോഗം ചേരും. അതിനുശേഷമേ കസ്റ്റഡി അപേക്ഷ നല്‍കുന്നതില്‍ തീരുമാനമാകൂ. ദിവ്യക്കെതിരെ അടിയന്തരപ്രാധാന്യത്തോടെ പാര്‍ട്ടി നടപടി വൈകാതെ ഉണ്ടായേക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. കണ്ണൂര്‍ കലക്ടര്‍ അരുണ്‍.കെ.വിജയനെ തല്‍സ്ഥാനത്തു നിന്ന് മാറ്റുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. അതേസമയം  റവന്യൂ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് വൈകുകയാണ്. ഇന്നുതന്നെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ തീരുമാനം.  

ENGLISH SUMMARY:

Naveen Babu met Collector in chamber, admitted to a 'mistake', reveals court order