ടര്‍ക്കിഷ് തര്‍ക്കം സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ഭാഗ്യകരമാണെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നടന്‍ ലുക്മാന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‍റെ പ്രതികരണം. സിനിമ പിന്‍വലിക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിപ്പപ്പോള്‍, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന്  വ്യക്തമായ ഉത്തരം ലഭിച്ചില്ല. വിവാദത്തിന് പിന്നില്‍ ദുരുദ്ദേശ്യം ഉണ്ടെങ്കില്‍ അന്വേഷിക്കണമെന്നാണ് തന്‍റെ നിലപാടെന്നും ലുക്മാന്‍ വ്യക്തമാക്കുന്നു. 

അതേസമയം, ചിത്രത്തിന്‍റെ തുടര്‍ റിലീസുമായി ബന്ധപ്പെട്ട് വിവാദം ആഗ്രഹിക്കുന്നില്ലെന്ന് നിര്‍മാതാവ് പറഞ്ഞു. ആഗ്രഹിക്കാത്തതും ഉദ്ദേശിക്കാത്തതുമായി നിരൂപണങ്ങളും പരാതികളും ലഭിച്ചിരുന്നു. ചിത്രത്തിന് എതിരായ ആരോപണങ്ങള്‍ പരിശോധിക്കുക എന്നത് സാമൂഹ്യപ്രതിബദ്ധതയാണ്. അതുകൊണ്ടാണ് ചിത്രം സ്വമേധയാ പിന്‍വലിച്ചതാണെന്നും നാദിര്‍ ഖാലിദ് വ്യക്തമാക്കുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ  സിനിമ പിൻവലിച്ചത്  നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്. 

അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച്  അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. 

ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.

ENGLISH SUMMARY:

Lukman Avaran facebook post on Turkish Tharkkam