pp-divya-051

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ജയിലിൽ. തളിപ്പറമ്പ് മജിസ്ട്രേറ്റ് ആണ് ദിവ്യയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ഇന്നുതന്നെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ തീരുമാനം. പതിനഞ്ച് ദിവസം പി.പി.ദിവ്യയെ സംരക്ഷിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് അയച്ചത് കരുതൽ നാടകം കളിച്ചാണ്. Read More : കൂസലില്ലാതെ ചിരിച്ച് പി.പി.ദിവ്യ; ജയിലിലേയ്ക്കുള്ള യാത്രയില്‍ ‘ഡബിള്‍ ഹാപ്പി’

മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെ പൊലീസ് ആദ്യം പോയത് ഒരാഴ്ചയിലേറെ അടഞ്ഞ് കിടക്കുന്ന ദിവ്യയുടെ വീട്ടിലേക്ക്. അതിനിടയില്‍ പാര്‍ട്ടിയും പൊലീസും തമ്മില്‍ കസ്റ്റഡി നാടകത്തിന്റെ തിരക്കഥ തയാറാക്കി. പയ്യന്നൂരില്‍ നിന്ന്  ദിവ്യ ‍കാറില്‍ കണ്ണപുരം ഭാഗത്തെത്തി. മുന്‍കൂട്ടി കിട്ടിയ നിര്‍ദേശം അനുസരിച്ച് പൊലീസ് വഴിയില്‍ കാത്ത് നിന്നു. കാറ് കണ്ടതോടെ ചാടിവീണ് തടഞ്ഞു. ഒളിച്ചോടുകയല്ലെന്നും കീഴടങ്ങാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്നും ദിവ്യ. അതുവേണ്ട ഞങ്ങള്‍ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ്. അങ്ങിനെ കീഴടങ്ങലെന്ന് ദിവ്യയും പിടികൂടിയതെന്ന് പൊലീസും അവകാശപ്പെടുന്ന നാടകത്തിന് ക്ളൈമാക്സ്. രക്ഷാപ്രവർത്തനം  അവിടെയും തീര്‍ന്നില്ല. അടുത്ത തിരക്കഥയുമായി പ്രത്യക്ഷപെട്ടത് കമ്മീഷണര്‍.

കമ്മീഷണര്‍ ഉറപ്പിച്ച പറഞ്ഞ ഒരേയൊരു കാര്യം ദിവ്യയെ ഉടന്‍ കമ്മീഷണര്‍ ഒഫീസിലെത്തിക്കുമെന്ന്. അതുവിശ്വസിച്ച് മാധ്യമങ്ങളെല്ലാം കാത്ത് നിന്നു. ആ സമയം കേസുമായി ഒരുബന്ധവുമില്ലാത്ത ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിവ്യയെ എത്തിച്ചു.  നടപടിക്രമങ്ങൾ പൂർത്തിയാകാൻ പിന്നെയും മണിക്കൂറുകൾ എടുത്തു. ഇരുട്ടി തുടങ്ങിയതോടെ  പതുക്കെ ദിവ്യയുമായി പുറത്തേക്ക്. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി എത്തിക്കുമ്പോൾ മാധ്യമങ്ങളെല്ലാം പ്രധാന കവാടത്തിൽ നിലയുറപ്പിച്ചു. എന്നാൽ എല്ലാവരെയും കബളിപ്പിച്ച് പോലീസ് പിന്നിലെ ഗേറ്റിലൂടെ നേരെ ആശുപത്രിക്ക് അകത്തേക്ക് പോയി. വൈദ്യ പരിശോധന പൂർത്തിയാക്കി പ്രധാന കവാടത്തിലൂടെ പുറത്തേക്ക്.

പിന്നാലെ തളിപ്പറമ്പ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുഞ്ചിരിയോടെ കുറ്റബോധം ലവലേശം ഇല്ലെന്ന് തോന്നുന്ന ശരീരഭാഷയുമായി പി പി ദിവ്യ ഒടുവിൽ കണ്ണൂർ സെൻട്രൽ ജയിലിന് അകത്തെ  വനിതാ ജയിലിലേക്ക്.  കേസിൽ കക്ഷി ചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബവും അറിയിച്ചു. അതേ സമയം പി.പി.ദിവ്യക്കെതിരായ പാര്‍ട്ടി നടപടി വൈകാതെ ഉണ്ടായേക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്കോ, ലോക്കല്‍ കമ്മിറ്റിയിലേക്കോ തരംതാഴ്ത്തിയാകും നടപടി. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്ന പശ്ചത്തലത്തില്‍ നടപടി വൈകിപ്പിക്കാന്‍ ഇനിയും പാര്‍ട്ടിക്കാവില്ല.

ENGLISH SUMMARY:

PP Divya will apply for bail today