സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വിമതരുടെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറയില്‍ കണ്‍വന്‍ഷന്‍. പ്രവര്‍ത്തകരുടെ കടുത്ത നിലപാടിനെത്തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കല്‍ സമ്മേളനം വീണ്ടും മാറ്റി. ജില്ലാ സെക്രട്ടറിയുടെ സ്വന്തം തട്ടകത്തിലെ വിഭാഗീയ നീക്കം നേതൃത്വത്തെയാകെ അലോസരപ്പെടുത്തുകയാണ്.
കോണ്‍ഗ്രസ് വിട്ടെത്തിയ ആളെ ലോക്കല്‍ സെക്രട്ടറിയാക്കിയതില്‍ തുടങ്ങിയ കലഹമാണ് പാർട്ടിക്കുള്ളിൽ കലാപമായത്. കരുത്ത് ആര്‍ക്കെന്ന് തെളിയിക്കാനുള്ള ശക്തി പ്രകടനമായിരുന്നു ഇടഞ്ഞ് നില്‍ക്കുന്നവരുടെ ലക്ഷ്യം. സിപിഎം കൊഴിഞ്ഞാമ്പാറ ലോക്കല്‍ സമ്മേളനം വിളിച്ച അതേദിവസം വിമതര്‍ കണ്‍വന്‍ഷന്‍ ചേരാന്‍ നിശ്ചയിച്ചു. ഉദ്ഘാടകനായ ജില്ലാ സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് തിരക്കെന്ന വാദം നിരത്തി ലോക്കല്‍ സമ്മേളനം വീണ്ടും മാറ്റിയെങ്കിലും വിമതരുടെ കണ്‍വന്‍ഷന്‍ തടസ്സമില്ലാതെ നടന്നു. വണ്ണാമടയിലെ കണ്‍വന്‍ഷനിലെ കൂട്ടായ്മ വിമതരുടെ ശക്തി പ്രകടനത്തിനൊപ്പം ജില്ലാ സെക്രട്ടറിയെ കടന്നാക്രമിക്കുന്നതായിരുന്നു.
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്‍റും ഏരിയ കമ്മിറ്റി അംഗവുമായ എം.സതീഷ്, ഏരിയ കമ്മിറ്റി അംഗം വി.ശാന്തകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. പ്രവര്‍ത്തകരുടെ കൂട്ടായ്മ കണ്‍വന്‍ഷനായി കാണേണ്ടതില്ലെന്നും ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് കാരണമാണ് രണ്ടാം വട്ടവും കൊഴിഞ്ഞാമ്പാറ രണ്ട് ലോക്കല്‍ സമ്മേളനം മാറ്റിവയ്ക്കേണ്ടി വന്നതെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.