എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന പി.പി.ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് . വഴിയേ പോകുന്നതിനിടെ കയറിവന്നതാണെന്നാണ് ദിവ്യ തന്നെ പറഞ്ഞത്. അവര്‍ എത്തിയപ്പോള്‍ ഡെപ്യൂട്ടി കലക്ടറാണ് കസേര ഒഴിഞ്ഞുകൊടുത്തത്. എഡിഎമ്മിന് ഉപഹാരം നല്‍കുന്നതുവരെ അവര്‍ നില്‍ക്കാതിരുന്നതും ക്ഷണമില്ലെന്നതിന് തെളിവാണ്.
Read Also: തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; മൊഴി ശരിവച്ച് കലക്ടര്‍
എഡിഎമ്മിനതിരെ പ്രതി നടത്തിയ പരാമരര്‍ശങ്ങള്‍ ആസൂത്രിതമയിരുന്നു.ചടങ്ങിന്‍റെ വീഡിയോ എടുക്കാൻ ഏർപ്പാടാക്കിയതും ദിവ്യതന്നെ . അവര്‍ കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമായേ ഇതിനേ കാണാന്‍ കഴിയൂ .മാത്രമല്ല അതില്‍ നിന്ന് പ്രതിയുടെ ക്രമിനല്‍ മനോഭാവം വെളിവായി. നിയമവ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ല. ഒളിവില്‍കഴിഞ്ഞു. മാത്രമല്ല എഡിഎമ്മിന്‍റെ ഭാര്യയെയും മക്കളെയും ഇകഴ്ത്തി കാണിച്ചു. മാനഹാനി വരുത്തുകയും ചെയ്തു.
ഇതില്‍ നിന്നെല്ലാം പ്രതിയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്നതാണ്. പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ട് . ഈ സാഹചര്യത്തില്‍ ജാമ്യം നൽകിയാൽ അത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാകും. ദിവ്യക്ക് നേരെത്തെയും ക്രിമിനൽ കേസുകൾ ഉണ്ടെന്നും റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പെട്രോള്‍ പമ്പിന് എന്‍ഒസി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കലക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ടിന്‍റെ മൊഴിയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യാത്രയയപ്പ് യോഗത്തിനു ശേഷം നേരില്‍ സംസാരിച്ചപ്പോള്‍ തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കലക്ടറുടെ മൊഴി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവില്‍ കോടതി രേഖപ്പെടുത്തിയിട്ടുണ്ട് . ഈ മൊഴി സത്യമാണെന്നും മൊഴിയിലെ കാര്യങ്ങള്‍ പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടര്‍ ഇന്ന് വ്യക്തമാക്കി . ഇതിനിടെ പി.പി.ദിവ്യ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.