ഇടുക്കി ചിത്തിരപുരത്ത് വീടിന് ഭീഷണിയായി റിസോർട്ട് ഉടമ നിർമിച്ച കിണർ മൂടാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. കിണർ നിർമാണം അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. കിണർ പണിതതോടെ ദുരിതത്തിലായ ചിത്തിരപുരം സ്വദേശി ഐഷ ഷാഹുലിന്‍റെയും കുടുംബത്തിന്‍റെയും ദുരിതം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.
ആറുമാസം മുമ്പാണ് ഐഷ ഷാഹുലിന്റെ വീടിനോട് ചേർന്ന് റിസോർട്ടുകാർ കിണർ കുഴിച്ചത്. കിണർ നിർമ്മാണം പൂർത്തിയായതോടെ മൺ തിട്ടയിൽ ഇരുന്ന വീടിന്‍റെ ഭിത്തികൾ വിണ്ടുകീറി. പള്ളിവാസൽ പഞ്ചായത്തിൽ നൽകിയ പരാതിയിൽ ജില്ലാ ജിയോളജിസ്റ്റ് നടത്തിയ പരിശോധനയിൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്നും നിരോധനം നിലനിൽക്കുന്ന മേഖലയിലാണ് കിണർ കുഴിച്ചതെന്നും കണ്ടെത്തി.
പിന്നാലെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം പലതവണ ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് ഐഷയും കുടുംബവും ക്യാമറയ്ക്ക് മുന്നിൽ ദുരിതം തുറന്നുപറഞ്ഞത്.
ഭൂമിയിൽ പട്ടയം സംബന്ധിച്ച നിയമ ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ തഹസിൽദാർക്ക് കലക്ടർ നിർദേശം നൽകി. കിണർ മൂടിയ ശേഷം വീടിന് സംരക്ഷണ ഭിത്തി നിർമിച്ചു നൽകണമെന്നും അതുവരെ കുടുംബത്തിന് റിസോർട്ടുടമ വാടകയ്ക്ക് വീടെടുത്ത് നൽകണമെന്നുമാണ് ഉത്തരവ്.