• ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍(95) വിടവാങ്ങി
  • രണ്ട് പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയന്‍
  • 1974ല്‍ അങ്കമാലി മെത്രാപ്പൊലീത്തയായി തിരഞ്ഞെടുക്കപ്പെട്ടു

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ (95)  വിടവാങ്ങി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു. ചെറിയ ലോകത്തു നിന്ന് വലിയ ആകാശങ്ങള്‍ കീഴടക്കിയാണ് ശ്രേഷ്ഠ ബസേലിയോസ്  തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വിടവാങ്ങുന്നത്. സഭ പ്രതിസന്ധിയുടെ പാരമ്യത്തിലേറിയപ്പോള്‍  അരമനയുടെ സൗഖ്യത്തിലൊളിക്കാതെ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ ബാവ  വിശ്വാസികളെ നയിച്ചു.  ജീവതം കൊണ്ടും ആശയം കൊണ്ടും  പകരംവയ്ക്കാനില്ലാത്ത നേതൃത്വമാണ് തോമസ് പ്രഥമന്‍ ബാവയുടെ വേര്‍പാടോടെ യാക്കോബയസഭയ്ക്ക് നഷ്ടമാകുന്നത്.

പ്രാര്‍ഥന ധ്യാനം  പിന്നെ  കര്‍മം . വിശ്രമം കര്‍മം ബാക്കിവച്ചെങ്കില്‍ അത്  പാപവും . വെറുംവാക്ക് പറയാത്ത ശ്രേഷ്ഠബാവയുടെ ജീവിത ദര്‍ശനം ഇതാണ്. 95 വര്‍ഷത്തെ ജീവിതംകൊണ്ട് അദ്ദേഹം ഇത് തെളിയിക്കുകയും ചെയ്തു.. ഉറപ്പുള്ളകാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നിന്നില്ല. പ്രക്ഷോഭങ്ങളെ പ്രാര്‍ഥനയായി കണ്ട് വിശ്വാസികള്‍ക്ക് ഒപ്പംനിന്നു. അവര്‍ നടന്നപ്പോള്‍ മുന്‍പേ നടന്നു. പ്രക്ഷോഭച്ചൂടില്‍ അള്‍ത്താരയുടെ തണല്‍ തേടാതെ തെരുവില്‍ വിശ്വാസികള്‍ക്കൊപ്പം വിയര്‍ത്തിരുന്നു. സഭാതര്‍ക്കം  609 കേസുകളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയപ്പോഴും അചഞ്ചലന്‍. ജീവിതസായാഹ്നത്തിലെ ശ്രേഷ്ഠബാവ ഇതായിരുന്നു. ഒട്ടും വിഭിന്നനല്ല  വടയമ്പാടി ചെറുവള്ളില്‍ മത്തായി കുഞ്ഞ ദമ്പതകളുടെ മകന്‍ മാത്രമായിരുന്ന കാലത്തെ  തോമസും. നിര്‍ധനന്‍, നന്നേ ചെറുപ്പത്തില്‍ തന്നെ അപസ്മാരരോഗി, രോഗം കവര്‍ന്ന വിദ്യാഭ്യാസകാലം,  ആടുമേച്ച് ആദ്യകാല ഉപജീവനം, പിന്നെ വിശന്നൊട്ടിയവയറുമായി  കൗമാരക്കരുത്തില്‍ വടയമ്പാടിയില്‍ നിന്ന് തൃപ്പൂണിത്തുറയ്ക്ക്  തപാലുരുപ്പടികളുമായുള്ള അഞ്ചലോട്ടം. ഒടുവില്‍ അപസ്മാരത്തെ മറികടക്കാന്‍ അമ്മ നടത്തിയ പ്രാര്‍ഥനകളോട്  ഐക്യപ്പെട്ട് വൈദികവൃത്തിയും.

1922 ജൂലൈ 22ന് ജനിച്ച തോമസ് 1958 ഒക്‌ടോബർ 21ന് വൈദികനായി.  സഭാസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ ആജ്ഞാശക്തിയുള്ള ആ കരം പലപ്പോഴും കൈക്കോട്ടേന്തി. അല്‍മായര്‍ക്കൊപ്പം ചേര്‍ന്ന‌് കല്ലും മണ്ണും ചുമന്നു. തോമസച്ചന്‍ തോമസ് മാര്‍ ദിവന്നാസിയോസ് മെത്രാപൊലീത്തയായപ്പോഴും  ആ ശൈലി മാറിയില്ല . 1998 ഫെബ്രുവരി 22 ന് സഭാ സുന്നഹദോസ് അധ്യക്ഷനായി. 2000 ഡിസംബർ 27ന്  നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കാ ബാവയും  2002 ജൂലൈ 26ന് ശ്രേഷ്ഠകാതോലിക്ക സ്ഥാനത്ത്  അഭിഷിക്തനായി . സിറിയന്‍ ഒാര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ  ഇഗ്നത്തിയോസ് അപ്രേം ദ്വീതിയന്‍ പാത്രിയാര്‍ക്കീസ് ബാവയെ വാഴിച്ച ചടങ്ങിന് ദമാസ്കസിലെ  സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ  മുഖ്യകാര്‍മികത്വം വഹിച്ചതും ശ്രേഷ്‌ഠബാവ തന്നെ . വീര്യം ചോരാത്തൊരു പോരാട്ടചരിത്രം വിശ്വാസികള്‍ക്ക് ബാക്കിവച്ചാണ് ശ്രേഷ്ഠബാവ ഒാര്‍മയാകുന്നത്.

ENGLISH SUMMARY:

Baselios Thomas i passes away