കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശനെ അറിയില്ലെന്ന് എ.സി.മൊയ്തീന്‍ . സതീശന്‍ എന്തിന് മൊയ്തീനെ കണ്ടെന്ന ശോഭ സുരേന്ദ്രന്റെ ചോദ്യത്തിനായിരുന്നു മൊയ്തീന്റെ മറുപടി . വീണിടത്തുകിടന്ന് ഉരുളാന്‍ ബി.ജെ.പിക്കാര്‍ക്കുള്ള കഴിവ് മറ്റാര്‍ക്കുമില്ല. ബി.ജെ.പി. നേതാക്കള്‍ തുടര്‍ച്ചയായി നുണ പറയുന്നു. ജനം ഇതുകാണുന്നുണ്ടെന്നും എ.സി. മൊയ്തീന്‍ പറഞ്ഞു. തിരൂര്‍ സതീശനെ സി.പി.എം പണംകൊടുത്തുവാങ്ങിയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം. സതീശന്‍ എന്തിന് നിരന്തരം എ.സി.മൊയ്തീനെ കണ്ടു . ഇതെല്ലാം അന്വേഷിക്കാതിരിക്കാന്‍ പിണറായിയുടെ കൈ പടവലങ്ങയായിരുന്നോ?. കരുവന്നൂര്‍ കേസില്‍ മുന്‍മന്ത്രി അറസ്റ്റിലാകുമെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു

Read Also: കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടി; അന്വേഷണ റിപ്പോര്‍ട്ട്

ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും കൊടകര കുഴൽപ്പണക്കേസ് സജീവമാകുകയാണ്. തൃശൂർ ബിജെപി ഓഫിസിൽ കള്ളപ്പണം സൂക്ഷിച്ചെന്ന് മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ വെളിപ്പെടുത്തല്‍ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാ സത്യങ്ങളും തുറന്നു പറയുമെന്ന്  ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍. പണം കൈകാര്യം ചെയ്തതിന്‍റെ രേഖകള്‍ കൈവശമുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് മുന്‍ ജില്ലാ ട്രഷററാണ്. ആരോപണങ്ങളില്‍  ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്രാന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു. സി.ബി.ഐയെ വിളിക്കാനുള്ള വെല്ലുവിളി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു.  

ബിജെപി കള്ളപ്പണക്കേസില്‍ ഇഡിയ്ക്ക് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന്. കേരളത്തിലേയ്ക്ക് 41.48 കോടി രൂപ കള്ളപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബിജെപി എംഎല്‍എ. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ ഇ.ഡിയ്ക്ക് പൊലീസ് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

41 കോടി രൂപ കള്ളപ്പണം ബിജെപി കേരളത്തിലെത്തിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി രണ്ടുവര്‍ഷമായിട്ടും നടപടിയില്ല. ഇഡിക്കും ആദായനികുതി വകുപ്പിനും റിപ്പോര്‍ട്ട് നല‍്കിയെന്ന് പറഞ്ഞ് പൊലീസ് കൈയൊഴിയുമ്പോള്‍ കേന്ദ്ര ഏജന്‍സികളും ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ല. ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ വീണ്ടും കേസ് വിവാദമായതിനു പിന്നാലെ പുരന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. അതേസമയം, കേസിന്റെ മെല്ലെപ്പോക്കിനു കാരണം സിപിഎം ബിജെപി ബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു. ആദായനികുതി, ഇഡി അന്വേഷണമില്ലാത്തതിനെക്കുറിച്ച് വി.ഡി.സതീശന്‍ ഒന്നും പറയുന്നില്ലെന്നായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി

ENGLISH SUMMARY:

I don't know Tirur Satheesan, says AC Moideen