k-muraleedharan-03

കെ.മുരളീധരൻ മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ നടത്തിയ തുറന്നു പറച്ചിലിൽ രാഷ്ട്രീയ വിവാദം തുടരുന്നു. സിപിഎമ്മിലേക്ക് തന്നെ ക്ഷണിച്ച നേതാക്കളോട് നന്ദി പറഞ്ഞ മുരളീധരൻ  പാലക്കാട്ട് പ്രചരണത്തിനെത്തും . മുരളീധരന്‍റെ തുറന്നു പറച്ചിലിനെ സ്വാഗതം ചെയ്ത എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിൻ ഇനിയും നിരവധി കോൺഗ്രസ് നേതാക്കൾ തുറന്ന് പറച്ചിലുമായി എത്തുമെന്നും പ്രതികരിച്ചു.  

 

കെ.മുരളീധരൻ മനോരമ ന്യൂസി‌ന്‍റെ നേരേ ചൊവ്വയിലൂടെ  ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങളോട് കക്ഷി വ്യത്യാസമില്ലാതെ നിരവധി നേതാക്കളാണ് പ്രതികരണവുമായെത്തിയത്. മുരളീധരൻ ഇടതുപക്ഷത്തിന്‍റെ ഭാഗമാവണമെന്ന് സി.പി.എമ്മിലെ മുൻനിര നേതാക്കൾ. കോൺഗ്രസ് വിട്ടൊരു കളിയില്ലെന്നും നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട്ട് പ്രചാരണത്തിനെത്തുമെന്നും മുരളീധരൻ.

മുരളീധരനപ്പോലെയുള്ള മുതിർന്ന നേതാവിന് കാര്യങ്ങൾ തുറന്ന് പറയാൻ നേരേ ചൊവ്വയിലാണ് അവസരം ലഭിച്ചതെന്നും അദ്ദേഹത്തിന്‍റെ നിലപാടിനൊപ്പമെന്നും പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ.

തിരഞ്ഞെടുപ്പ് കാലത്തെ കെ.മുരളീധരന്‍റെ തുറന്ന് പറച്ചിലിൽ കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണെങ്കിലും പരസ്യ പ്രതികരണം വേണ്ടെന്നാണ് തീരുമാനം. കെ.മുരളീധരൻ ഇനിയും ഉള്ളു തുറക്കുമെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും സി.പി.എമ്മിന്‍റെയും വിലയിരുത്തൽ.