കണ്ണൂര്‍ ഓലയമ്പാടി ഉദയംകുന്ന് സ്വദേശി റീന ലോട്ടെറിയെടുക്കുന്നത് ഫോണിലൂടെ ഏജന്റിനെ വിളിച്ചുപറഞ്ഞാണ്. ഇത്തവണയും അതെ ഫോണിലൂടെ വിളിച്ചു പറഞ്ഞാണ് ലോട്ടറി ടിക്കറ്റ് മാറ്റിവച്ചത്. പക്ഷേ മാറ്റിവച്ച ടിക്കറ്റിന് ഒരു കോടി രൂപയുടെ ഒന്നാംസമ്മാനം ലഭിച്ചു. ഓലയമ്പാടി സാരഥി ഡ്രൈവിങ് സ്‌കൂളിലെ പരിശീലകയാണ് റീന. മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ലോട്ടറി ഏജന്റായ പുതുക്കുടിയില്‍ ഗണേഷനെ വിളിച്ചു മാറ്റിവച്ച ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിലൂടെയാണ് റീനയ്ക്ക് ഭാഗ്യം തുണച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റീന ഗണേഷനെ വിളിച്ചുപറഞ്ഞ് ടിക്കറ്റ് മാറ്റിവക്കാന്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം ഗണേഷന്‍ ഒരു ടിക്കറ്റ് മാറ്റിവച്ചു. ഫലം വന്നതോടെ റീനക്കായി മാറ്റിവച്ച ടിക്കറ്റിനാണ് ഒരു കോടി കിട്ടിയതെന്ന് വ്യക്തമായി. ഒട്ടുംവൈകാതെ ഗണേഷന്‍ തന്നെയാണ് റീനയെ ഫോണില്‍വിളിച്ചു ഭാഗ്യവിവരം പറഞ്ഞത്.
ജപ്തീ ഭീഷണി നേരിടുന്ന അവസരത്തിലാണ് റീനയെ ഭാഗ്യദേവത തുണച്ചത്. റീനയുടെ ഭര്‍ത്താവ് ഭരതന്‍ ടാപ്പിങ് തൊഴിലാളിയാണ്. മേഘയും സ്‌നേഹയുമാണ് മക്കള്‍. സാമ്പത്തികബാധ്യതകളെല്ലാം തീര്‍ത്ത് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് റീന പറയുന്നു.
മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം മുച്ചക്രവാഹനത്തിലാണ് ഗണേഷൻ്റെ ലോട്ടറി വില്‍പന. കിണര്‍നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനാല്‍ മറ്റുജോലികള്‍ക്കൊന്നും പോകാന്‍ കഴിയാതായതോടെയാണ് ഗണേഷൻ ലോട്ടറി വില്‍പനയ്ക്കായി ഇറങ്ങിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് റീന കേരള ഗ്രാമീണ്‍ ബാങ്ക് ഓലയമ്പാടി ശാഖയില്‍ ഏല്‍പ്പിച്ചു.