ബിജെപിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും കൊടകര കുഴൽപ്പണക്കേസ്. തൃശൂർ ബിജെപി ഓഫിസിൽ കള്ളപ്പണം സൂക്ഷിച്ചെന്ന് മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശന്‍. സമഗ്രാന്വേഷണം വേണമെന്ന് എം.വി.ഗോവിന്ദന്‍. സി.ബി.ഐയെ വിളിക്കാനുള്ള വെല്ലുവിളി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു.
എല്ലാ കാര്യങ്ങളും പൊലീസിനോട് പറയുമെന്ന് ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശൻ വ്യക്തമാക്കി. പണം കൈകാര്യം ചെയ്തതിന്‍റെ രേഖകള്‍ കൈയിലുണ്ടെന്ന് സതീശൻ പറഞ്ഞു. ബിജെപി ഓഫിസിൽ കള്ളപ്പണം എത്തിയത് ഇത്ര വ്യക്തമായിട്ടു ഇ.ഡി. അന്വേഷിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
കേസ് തേച്ചുമായ്ച്ചത് സിപിഎം – ബിജെപി ഡീലിന്റെ ഭാഗമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട്ട് ചര്‍ച്ചയാകില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാർ പറഞ്ഞു.
കർണാടകയിലെ ബിജെപി എംഎല്‍എ കേരളത്തിലേയ്ക്ക് കൊടുത്തു വിട്ട 41.44 ലക്ഷം രൂപയുടെ കള്ളപ്പണത്തിന്‍റെ ഉറവിടം കണ്ടെത്തണമെന്ന് കേരള പൊലീസ് ഇ.ഡിയോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ, ഓർഗനൈസിങ് സെക്രട്ടറി എം.ഗണേഷ് , സംസ്ഥാന ഓഫിസ് സെക്രട്ടറി ഗണേശൻ നായർ എന്നിവർ കേരളത്തിൽ കള്ളപ്പണം കൈാര്യം ചെയ്തെന്നാണ് പൊലീസ് ഇ.ഡിയ്ക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്.