TOPICS COVERED

അഭിനേതാക്കള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളിലെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചൊഴിഞ്ഞ അമ്മ ഭരണസമിതി തിരിച്ചുവരുന്നു. അമ്മ ശക്തമായി തിരിച്ചുവരുമെന്ന് നിര്‍ണായക ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. മോഹന്‍ലാല്‍  ഉള്‍പെടുന്ന പഴയ ഭരണസമിതിതന്നെ തിരിച്ചെത്തുമെന്ന് മുന്‍ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തലയും പ്രതികരിച്ചു. ഇതിനിെട ബലാല്‍സംഗക്കേസില്‍ അന്വേഷണം നേരിടുന്ന സിദ്ദിഖും അമ്മയെ നയിക്കാന്‍ തിരിച്ചെത്തുമെന്ന്  അമ്മ ആസ്ഥാനത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കേരളപ്പിറവി– ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ ജനറല്‍ സെക്രട്ടറിമാരായ സിദ്ദിഖ്, ഇടവേള ബാബു, ആക്ടിങ് ജനറല്‍ സെക്രട്ടറി ബാബുരാജ്, മുകേഷ് തുടങ്ങി നിരവധി അഭിനേതാക്കള്‍ക്കെതിരായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് മോഹന്‍ലാല്‍ ഉള്‍പെടുന്ന അമ്മ ഭരണസമിതി രാജിവച്ചൊഴിഞ്ഞത്. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുള്ള രാജിക്കൊപ്പം രണ്ട് മാസത്തിനകം ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് പുതിയ ഭരണസമിതിയെ െതരഞ്ഞെടുക്കുമെന്നുമാണ് അമ്മ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുമാസത്തിനിപ്പുറവും ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അവ്യക്തത തുടരുന്നതിനിടെയാണ് സംഘടനയുടെ തിരിച്ചുവരവിന് താന്‍ നിര്‍ണായക നീക്കം നടത്തിയതായുള്ള സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍.പുതിയ കമ്മറ്റിയുണ്ടാകും. എല്ലാവരെയും തിരിച്ചുകൊണ്ടുവരും. 

തെരഞ്ഞെടുപ്പുണ്ടാകുമെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പഴയ കമ്മറ്റിതന്നെ തിരിച്ചെത്തുമെന്നും മുന്‍ പ്രസിഡന്റ് ജയന്‍ ചേര്‍ത്തല . ബലാല്‍സംഗക്കേസില്‍ അന്വേഷണം നേരിടുന്ന സിദ്ദിഖ് തിരിച്ചെത്തും.  ആരോപണവിധേയര്‍ മാറിനില്‍ക്കേണ്ട കാര്യമില്ലെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി.  സംഘടന ഉടച്ചുവാര്‍ക്കണമെന്ന് കുഞ്ചാക്കോബോബനും പുതിയ ഭരണസമിതി വേണമെന്ന് അംഗങ്ങളില്‍ പലരും ആവശ്യം ഉയര്‍ത്തുന്നതിനിടെയാണ് പഴയ ഭരണസമിതിയെ തിരിച്ചെത്തിക്കാന്‍ നാടകീയ നീക്കം തുടരുന്നത്. 

ENGLISH SUMMARY:

Months after mass resignations In Suresh gopi initiates steps to form new Amma executive committee