TOPICS COVERED

‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സ്കൂൾ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സർക്കാർ നയമെന്നും ക്ഷണിക്കാൻ ഇനിയും സമയമുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി. സുരേഷ് ഗോപി രഹസ്യമായി ആംബുലൻസിൽ കയറി വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമർശം. എന്നാൽ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

‘സുരേഷ് ഗോപി ഒറ്റത്തന്ത പ്രയോഗം പിൻവലിച്ചാൽ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പറഞ്ഞു. ഇനിയും സമയമുണ്ട്. ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും ഉണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലൻസിൽ കയറി വരുമോയെന്ന് പറയാൻ കഴിയില്ല’ മന്ത്രി പറഞ്ഞു.

സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി.ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ‘‘ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാൽ അത് അംഗീകരിക്കാൻ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപി. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ‘ഒറ്റത്തന്തയ്ക്കു പിറന്നവൻ’ എന്നു വിളിച്ച് ആക്ഷേപിച്ചതു പിൻവലിച്ചാൽ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം’’ മന്ത്രി ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.

ENGLISH SUMMARY:

Minister V. Shivankutty said that it is the government's policy to invite Union Minister Suresh Gopi to the school sports fair and there is still time to invite him