മലയാള മനോരമ ഒരുക്കുന്ന കലാസാഹിത്യോൽവം ഹോർത്തൂസിന്റെ ഭാഗമായി കാർട്ടൂണിസ്റ്റുകൾക്കായി പ്രത്യേക സ്ക്വയർ ഉണ്ട്. അവിടെ വരുന്നവർക്ക് അവരുടെ രേഖാ ചിത്രങ്ങൾ കാർട്ടൂണിസ്റ്റുകൾ വരച്ച് നൽകും. അവിടേക്ക് ഒരു അതിഥി എത്തി. അവന് ഒരു സമ്മാനവും കിട്ടി.
ഫോട്ടോ എടുക്കുന്ന പോലെ ആളുകളെ വരയ്ക്കുന്നത് കണ്ട് ഓടി വന്നതാണ് വികാസ്. കസേര ഒഴിഞ്ഞപ്പോൾ ചാടി കേറി ഇരുന്നു. പിന്നെ ചിത്രകാരനെ നോക്കി ഒരു സൂപ്പർ ചിരിയും.
മലപ്പുറം സ്വദേശി ബഷീർ ഇത്ര സന്തോഷത്തോടെ മറ്റാരുടെയെങ്കിലും ചിരി പകർത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. കണ്ടു നിൽക്കുന്ന വികാസിന്റെ ദീദി മാർക്കും സൂപ്പർ സന്തോഷം. സ്റ്റിക്കറുമായി നിൽക്കുന്ന വികാസിന്റെ ചിത്രം കയ്യിൽ കിട്ടിയപ്പോ മുഖത്ത് പൂത്തിരി കത്തിച്ചപ്പോലെ ചിരി.
കയ്യിലെ സ്റ്റിക്കർ എല്ലാം ഇന്ന് വേഗം വിറ്റ് തീർക്കണം.എന്നിട്ട് വേണം അച്ഛനും അമ്മയ്ക്കും കൊണ്ടുപോയി കാണിക്കാൻ. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ഗ്രാമത്തിലെക്ക് എന്നെങ്കിലും തിരിച്ച് പോകുമ്പോൾ. അവിടെയുള്ള കുഞ്ഞി വീട്ടിലെ ചുമരിൽ വെക്കാൻ കേട് കൂടാതെ സൂക്ഷിക്കണം