ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാംപ്രതി കുറ്റക്കാരൻ. എൻഡിഎഫ് പ്രവർത്തകരായ 13 പ്രതികളെ വെറുതെ വിട്ടു. പ്രതി മര്‍ഷൂക്കിനുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തലശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2005 മാർച്ച് 10നാണ് ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്.
ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറുമായിരുന്ന ഇരിട്ടി പുന്നാട് സ്വദേശി അശ്വനികുമാർ വധക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് ഒഴികെ 13 പ്രതികളെയും കോടതി വെറുതെവിട്ടു. പ്രധാന സാക്ഷി മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. എൻ.ഡി.എഫ്. പ്രവർത്തകരായ 14 പേരെ പ്രതി ചേർത്തായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രം. അന്വേഷണത്തിൽ വീഴ്ചയുണ്ടായി എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് തോമസ്. ഇത്തരം കോടതി ജാഗ്രത കാട്ടേണ്ടിയിരുന്നു. അപ്പീൽ നൽകും.
ഞെട്ടിക്കുന്ന വിധിയെന്ന് ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. അന്വേഷണഘട്ടത്തിൽ യുഡിഎഫ് സർക്കാർ പ്രതികളെ സഹായിച്ചു. വ്യാജസാക്ഷികളെയാണ് ഹാജരാക്കിയതെന്നും ആർഎസ്എസ് നൽകിയ പട്ടികക്ക് അനുസരിച്ചാണ് പ്രതികളെ ചേർത്തതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.