എ.ഡി.എം. നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ അരുണ്‍ കെ .വിജയന് കുരുക്കായി സ്വന്തം മൊഴി. യാത്രയയപ്പ് യോഗത്തിനുശേഷം കാണാനെത്തിയ നവീന്‍ ബാബു തെറ്റുപറ്റിയെന്ന് പറഞ്ഞെന്നാണ് കലക്ടറുടെ മൊഴി. എന്നാല്‍ എന്ത് തെറ്റാണുണ്ടായതെന്ന് നവീനോട് ചോദിച്ചില്ല എന്നത് കലക്ടര്‍ക്ക് കുരുക്കാക്കും. താന്‍ അന്വേഷണസംഘത്തോട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ ഈ വിഷയത്തില്‍ ഇതില്‍ കൂടുതലായി എന്തെങ്കിലും കലക്ടര്‍ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല.
ഇത് കലക്ടറുടെ വിശ്വാസ്യതയെ ആണ് ചോദ്യം ചെയ്യുന്നത്. കലക്ടർ തന്‍റെ മൊഴി സ്വയം എഴുതിക്കൊടുത്തതാണെന്നതും സംശയം ജനിപ്പിക്കുന്നുണ്ട്. അതേസമയം, നവീൻ ബാബു നിരപരാധിയാണെന്ന് കണ്ടെത്തൽ കോടതിയിൽ പ്രോസിക്യൂഷനും കുടുംബത്തിനും ഗുണം ചെയ്യും. Also Read: കലക്ടര്‍ നുണ പറയുന്നു; നീതിക്കായി ഏതറ്റം വരെയും പോകും: നവീന്റെ ഭാര്യ...
കൈക്കൂലി ആക്ഷേപത്തില്‍ എഡിഎം നവീന്‍ബാബു നിരപരാധിയെന്ന് റവന്യൂവകുപ്പ് റിപ്പോര്‍ട്ട്. റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് മാത്രമല്ല ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നുമാണ് എ ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും പരിശോധിച്ച റിപ്പോര്‍ട്ട് റവന്യൂമന്ത്രി കെ രാജനും വിശദമായി പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. എഡിഎമ്മിനെതിരെ ടി.വി പ്രശാന്തും പിപി ദിവ്യയും ഉയര്‍ത്തിയ എല്ലാ ആക്ഷേപവും റിപ്പോര്‍ട്ട് തള്ളുകയാണ്.
തനിക്ക് തെറ്റ് പറ്റിയെന്ന് എഡിഎം തന്നോട് പറഞ്ഞതായി കലക്ടര്‍ പൊലീസിന് നല്‍കിയ വിവാദ മൊഴി റവന്യൂ റിപ്പോര്‍ട്ടിലും പരാമര്‍ശിക്കുന്നുണ്ട്. മൊഴി ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരു വ്യക്തതയും വരുത്തിയിട്ടില്ല. എന്ത് തെറ്റാണ് പറ്റിയതെന്ന് കലക്ടര്‍ ചോദിച്ചതായും മൊഴിയുടെ ഉള്ളടക്കത്തിലില്ല. എ ഗീതക്ക് സീല്‍ഡ് കവറില്‍ കലക്ടര്‍ മൊഴി നല്‍കിയത്.
കലക്ടറുടെ മൊഴി സത്യമല്ലെന്ന് കുടുംബവും ആരോപിക്കുന്നു. ആരും ക്ഷണിക്കാതെ പി.പി. ദിവ്യ യാത്രയപ്പ് ചടങ്ങിലേക്ക് കടന്നുവരികയായിരുന്നുവെന്ന് റവന്യൂ അന്വേഷണത്തിലും കണ്ടെത്തുന്നു . ഇനി ഈ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി എന്ത് നടപടിയെടുക്കുമെന്നതാണ് നിര്‍ണായകം