കള്ളപ്പണം ബി.ജെ.പി ഓഫിസില്‍ ചാക്കിലാക്കി സൂക്ഷിച്ചെന്ന വെളിപ്പെടുത്തലില്‍ തിരൂര്‍ സതീശനോട് മൊഴിയെടുക്കലിന് ഹാജരാകണമെന്ന് പൊലീസ്. അസൗകര്യങ്ങള്‍ കാണിച്ച് സതീശന്‍ രണ്ടു ദിവസത്തെ സാവകാശം തേടി. കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മരാജനുമായി ബി.ജെ.പി നേതാക്കളുടെ ബന്ധം പറയുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.
ബി.ജെ.പി. മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. രണ്ടു ദിവസത്തിനു ശേഷമാകും മൊഴിയെടുക്കല്‍. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി: വി.കെ.രാജുവാണ് സതീശനോട് മൊഴിയെടുക്കലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. അസൗകര്യങ്ങള്‍ കാരണം രണ്ടു ദിവസത്തെ സാവകാശം തേടി. കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ നേരത്തെ സതീശന്റെ മൊഴിയെടുത്തിരുന്നു. അന്നു പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഇന്നു വെളിപ്പെടുത്തി. പ്രത്യേകിച്ച്, കള്ളപ്പണം ബി.ജെ.പി. ഓഫിസില്‍ ചാക്കിലാക്കി സൂക്ഷിച്ചെന്ന വെളിപ്പെടുത്തല്‍. കൊടകര കേസ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിട്ട് മൂന്നു വര്‍ഷമായി. ഇനി, ഈ കേസിനോടൊപ്പം ചേര്‍ക്കാവുന്ന സതീശന്റെ മൊഴിയെടുക്കാന്‍ കോടതിയുടെ കൂടി അനുമതി വാങ്ങും. തുടരന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എന്‍.കെ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നേരത്തെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ കൂടുതല്‍ പുറത്തുവന്നു. കോഴിക്കോട്ടെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മരാജനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും തമ്മിലുള്ള ബന്ധം പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. ധര്‍മരാജന്റെ മൊഴിയിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. കുറ്റപത്രത്തിന്റെ പകര്‍പ്പും ധര്‍മരാജന്റെ മൊഴിയും പുറത്തുവന്നതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തിലായി. സാമ്പത്തിക തിരിമറിയില്‍ പുറത്താക്കിയെന്ന് സതീശനെതിരെ ബി.െജ.പി. പ്രസ്താവന നടത്തിയിരുന്നു. ബസ് ഡ്രൈവറായിരുന്നപ്പോള്‍ കളഞ്ഞു കിട്ടിയ രണ്ടു ലക്ഷം രൂപ ഉടമയ്ക്കു തിരിച്ചുനല്‍കുന്ന പഴയ പത്രവാര്‍ത്ത ഷെയര്‍ചെയ്തായിരുന്നു സതീശന്റെ മറുപടി. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി.: വി.കെ.രാജുവിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേണ ഉദ്യോഗസ്ഥനും വി.കെ.രാജുവായിരുന്നു.