കൊടകരയില്‍ കവര്‍ന്ന കള്ളപ്പണം ബി.ജെ.യുടേതെന്ന് കുറ്റപത്രം. കോഴിക്കോട്ടുകാരന്‍ ധര്‍മ്മരാജന്‍ ബി.ജെ.പി നേതാക്കളുടെ വലംകൈയെന്നും കുറ്റപത്രത്തില്‍. കള്ളപ്പണ ഏജന്റാണ് ധര്‍മ്മരാജനെന്നും കുറ്റപത്രത്തില്‍ പരാമര്‍ശം. ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി അടുത്ത ബന്ധമെന്നും പൊലീസ്.
അതേസമയം കള്ളപ്പണക്കേസില്‍ ബി.ജെ.പി. മുൻ ഓഫിസ് സെക്രട്ടറി സതീശൻ തിരൂരിന്റെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. കൊടകരയിലെ കുഴൽപ്പണ കവർച്ച അന്വേഷിച്ച സംഘം വീണ്ടും തുടരന്വേഷണം ഏറ്റെടുക്കും. ഇ.ഡിയ്ക്ക് വീണ്ടും കത്തയയ്ക്കും. സതീശന്റെ മൊഴിയും ഇ.ഡിയ്ക്ക് കൈമാറും. അതേസമയം ആക്രമണ ഭീഷണിയെത്തുടര്‍ന്ന് തിരൂര്‍ സതീശന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. Also Read: നടുക്കടലിലാക്കുന്ന കൊടകര; കുഴലൊഴുകിയ വഴികള്‍...
നിലവിൽ എഫ്‌ഐആര്‍ ഉള്ള കേസായതിനാൽ വെളിപ്പെടുത്തൽ പുതിയതാണെങ്കിലും വീണ്ടും എഫ്‌ഐആര്‍ ഇടാൻ പറ്റില്ല. സതീശന്റെ മൊഴിയെടുത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. ഒപ്പം, ഇ.ഡിയ്ക്ക് വീണ്ടും കത്തയയ്ക്കും. സതീശന്റെ മൊഴിയും ഇ.ഡിയ്ക്ക് കൈമാറും. കള്ളപ്പണം ബിജെപി ഓഫിസിൽ സൂക്ഷിച്ചെന്നാണ് സതീശന്റെ വെളിപ്പെടുത്തൽ. ഇതനുസരിച്ച് പൊലീസിന് തുടരന്വേഷണം നിയമപരമായി നിൽക്കില്ല. കള്ളപ്പണം തടയൽ നിയമം ഇ.ഡിയ്ക്കു മാത്രമെ ചുമത്താൻ കഴിയൂ.
ഈ നിയമവശം മനസിലാക്കിയാണ് മൂന്നു വർഷം മുമ്പ് കേരള പൊലീസ്, ഇഡിയോട് അന്വേഷണം ആവശ്യപ്പെട്ടത്. ബി.ജെ.പി പ്രതിക്കൂട്ടിലായ കേസായതിനാൽ ഇ.ഡി. കണ്ടമട്ട് നടിച്ചതുമില്ല. ഉപതിരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കെ ബിജെപി പ്രതിരോധത്തിലാണ്. ഇതു മറികടക്കാൻ സിപിഎം നേതാക്കൾക്ക് പങ്കുള്ള കേസുകളുമായി ഇ.ഡി. എത്താൻ സാധ്യതയുണ്ടെന്ന് പാർട്ടി കേന്ദ്രങ്ങൾ കണക്ക് കൂട്ടുന്നു.