‘പണി’ സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ ആദർശിനെ അതിക്രമിക്കാൻ വന്നാല്‍ ജോജു ഉൾപ്പടെയുള്ള ആളുകൾ കടന്നുവന്നാൽ നിയമപരമായും അല്ലാതെയും നേരിടുമെന്ന് കെ.എസ്.യു. ഗവേഷക വിദ്യാർത്ഥികൂടിയായ ആദർശിന് പരിപൂർണ പിന്തുണ നല്‍കുമെന്നും സംസ്ഥാനെ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിമർശനങ്ങളെ ഉൾകൊള്ളാനാവുക എന്നത് ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്ക് വേണ്ട അടിസ്ഥാന മര്യാദയാണ്, വിമർശകരെ മുഴുവൻ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും പോരാഞ്ഞ് ഭീഷണി കൂടി പയറ്റി നോക്കുകയാണ് ജോജുവെന്നും കെ.എസ്.യു
സിനിമയെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആദര്‍ശ് തന്നെയാണ് ഇതിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്നും നേരില്‍ കാണാമെന്നുമൊക്കെ ജോജു ഫോണില്‍ ആദര്‍ശിനോട് പറയുന്നുണ്ട്. എന്നാല്‍ സിനിമാ റിവ്യൂസ് താന്‍ സ്ഥിരം ചെയ്യാറുള്ളതാണെന്നും ജോജുവിനെപ്പോലെ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആദര്‍ശും വ്യക്തമാക്കുന്നു.
അലോഷ്യസ് സേവ്യറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വിമർശനങ്ങളെ ഉൾകൊള്ളാനാവുക എന്നത് ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യർക്ക് വേണ്ട അടിസ്ഥാന മര്യാദയാണ്, വിമർശകരെ മുഴുവൻ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും പോരാഞ്ഞ് ഭീഷണി കൂടി പയറ്റി നോക്കുകയാണ് നടനും സംവിധായകനുമായ ജോജു ജോർജ്ജ് !
ജോജു ജോർജിന്റെ ഒടുവിൽ പുറത്തിറങ്ങിയ “പണി” എന്ന ചിത്രത്തിൽ സ്ത്രീ കഥാപാത്രത്തെ objectify ചെയ്യുന്നതും റേപ്പ് ഉൾപ്പടെ അപകടകരമായ രീതിയിൽ portray ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലിൽ റിവ്യുഎഴുതിയ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ആദര്‍ശിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ജോജു വിളിക്കുന്നതും ഭീഷണി പെടുത്തുന്നതും, കാൾ റെക്കോർഡിങ് ഉൾപ്പെടെ ആദർശ് പുറത്ത് വിട്ടിട്ടുണ്ട്.
ജോജു ജോജുവിന്റെ സംസ്കാരമാണ് ആ ഫോൺ കോളിൽ ഉടനീളം പ്രതിഫലിപ്പിക്കുന്നത്, അത് അയാളുടെ രാഷ്ട്രീയവുമായി ഇഴചേർന്ന് കിടക്കുന്നതാണ്, ചെറിയ റോളുകളിൽ നിന്ന് വളർന്നു വന്ന നല്ലൊരു അഭിനേതാവ് തുടർച്ചയായ ഇത്തരം പെരുമാറ്റങ്ങളിലൂടെ അധഃപതിക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം.
ആദർശിന് നേരെ ചില പ്രത്യേക കോണുകളിൽ നിന്ന് അധിക്ഷേപങ്ങൾ ഉയരുന്നുണ്ട്, ജോജുവിന്റേതിന് സമാനമായ സംസ്കാരവും “സ്വഭാവഗുണങ്ങളുമുള്ള” കുറെയേറെ ആളുകളെ കാര്യവട്ടം ക്യാമ്പസ്സിൽ കണ്ട് പരിചയിച്ച ആദർശിന് ഇതിൽ വലിയ അൽഭുതമൊന്നും തോന്നാനിടയില്ല, ആദർശിനെ അതിക്രമിക്കാൻ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി ജോജു ഉൾപ്പടെയുള്ള ആളുകൾ കടന്നുവന്നാൽ നിയമപരമായും അല്ലാതെയും കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ പരിപൂർണ പിന്തുണ ഗവേഷക വിദ്യാർത്ഥികൂടിയായ ആദർശിനുണ്ടാവും.