കേരളത്തിലെ കാമ്പസുകള്‍ അക്രമ കേന്ദ്രങ്ങളായി മാറുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ ഒന്‍പതുവര്‍ഷത്തില്‍ കാമ്പസ് അക്രമങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത് 500 പൊലീസ് കേസുകള്‍. മൂന്ന് വിദ്യാര്‍ഥി മരണങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായത്. പ്രതിപ്പട്ടികില്‍ ഒന്നാം സ്ഥാനത്ത് എസ്.എഫ്.ഐയും രണ്ടാം സ്ഥാനത്ത് കെഎസ്യുവുമാണ്. 2016 മേയ് മുതല്‍ 2024 ജൂണ്‍വരെയുള്ള കണക്കുകള്‍ സര്‍ക്കാര്‍ നിയമസഭയിലാണ് വെളിപ്പെടുത്തിയത്.
തോട്ടട ഐടിഐയിലെ തല്ലും അടിയുമാണ് കേരളത്തിലെ കാമ്പസുകളില്‍ നടന്നുവരുന്ന അക്രമപരമ്പരകളിലെ ഏറ്റവും ഒടുവിലെ എപ്പിസോഡ്. 2016 മുതല്‍ 2024 ജൂണ്‍വരെ കേരളത്തിലെ കാമ്പസുകളില്‍ അക്രമങ്ങളുടെ നിര തന്നെ അരങ്ങേറി. ഇവയുടെ കണക്കുകള്‍ സര്‍ക്കാര്‍ നിയമസഭയില്‍നല്‍കിയതാണ്. ഈ കാലയളവില്‍ കാമ്പസ് അക്രമങ്ങളില്‍ 500 കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ 270 കേസുകളില്‍ എസ്എഫ് ഐ പ്രതിസ്ഥാനത്താണ്. തൊട്ടുപിറകില്‍ കെഎസ്യു ഉണ്ട്. 112 കാമ്പസ് അക്രമ കേസുകളില്‍ കെ.എസ്.യുക്കാര്‍ പ്രതികളായി. എബിവിപി, എംഎസ്എഫ്, എഐഎസ്എഫ്, കാംപസ് ഫ്രണ്ട് എന്നിവരും അക്രമങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
3183 വിദ്യാര്‍ഥികളാണ് വിവിധ കേസുകളിലായി പ്രതിപ്പട്ടികയുള്ളത്. ഒന്‍പതുവര്‍ഷത്തിനിടെ കാമ്പസ് അക്രമങ്ങളില്‍ മുന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു, കണക്കില്ലാത്ത അത്ര കുട്ടികള്‍ക്ക് ഗുരുതര പരുക്കുകളേറ്റു. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യു, ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് എന്നിവര്‍ കമ്പസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കാമ്പസ് ഫ്രണ്ടും കെഎസ്യുവുമാണ് പ്രതിസ്ഥാനത്തുള്ളത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ക്രൂരമായ പീഡനത്തെ തുടര്‍ന്നാണ് വെറ്ററനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ആത്മഹത്യചെയ്തതെന്നാണ് ആരോപണം. വിജ്ഞാന സമൂഹത്തിലേക്കു നീങ്ങാന്‍ ഒരുങ്ങുന്ന കേരളത്തിലെ കാമ്പസുകളാണ് ഇങ്ങനെ അടിയും വെട്ടും കൊല്ലും കൊലയുമായി മുന്നേറുന്നത്.