അക്ഷരത്തിലും അഭ്രപാളിയിലും അത്ഭുതം സൃഷ്ടിച്ച സ്ത്രീ കഥാപാത്രങ്ങൾ മലയാളത്തിൽ ജനിച്ചത്  എംടിയുടെ തൂലികയിലൂടെയാണ്. കരുത്തിന്റെ പെൺരൂപമായ ഉണ്ണിയാർച്ചയും നാലുകെട്ടിനകത്തെ നാടക്കുരുക്കിൽപെട്ട ഉണ്ണിമായയും ഏകാന്തതയുടെ ആനന്ദം പറഞ്ഞ അമ്മിണിയും എംടിയിലൂടെ  മലയാളത്തിന്റെ പെണ്ണുങ്ങളായി.

ചതിയനല്ലാത്ത ചന്തുവിന്റെ കഥ പറഞ്ഞ എംടി ഈ വാക്കുകൾ കൊണ്ട് കോറിയിട്ടത് പെണ്ണെന്ന രണ്ടക്ഷരത്തിലെ ആയിരമായിരം ഭാവങ്ങളെ. പൊന്നിന്റെയും പണത്തിന്റെയും തട്ടിലെ തൂക്കം നോക്കി, ചന്തുവിനെ കരുണയില്ലാതെ തള്ളിക്കളഞ്ഞ കാമുകിയായി പുത്തൂരംവീട്ടിലെ ഉണ്ണിയാർച്ച.  ഉണ്ണിയാർച്ചയെന്ന ഉശിരിലൂടെ പോർക്കളം പെണ്ണിന് അന്യമല്ലെന്ന വീരഭാവവും തുറന്നുകാട്ടി. അനുകമ്പയും പ്രണയവും വിരഹവും മോഹവും കാപട്യവും പ്രതികാരവുമെല്ലാം ഉണ്ണിയാർച്ചയിൽ മിന്നിമാഞ്ഞു.   

പഞ്ചാഗ്നിയിലെ തന്റേടിയായ ഇന്ദിരയിൽ ധൈര്യതതിന്റെ അന്നോളം കാണാത്ത തെളിച്ചം കണ്ടു. മനസിന്റെ വിങ്ങലുകളെ പിടിച്ചുകെട്ടി, മനക്കരുത്ത് പ്രകടമാക്കുന്ന പെണ്ണ്. 

ആരണ്യകത്തിലെ അരക്കിറുക്കുള്ള അമ്മിണി ഏകാന്തതയുടെ ആഴത്തെ ഓളമാക്കിമാറ്റി.   ഒരു തുണിസഞ്ചിയും തോളിലിട്ട് നാടലഞ്ഞ് കാടേറി നടക്കുന്ന പെണ്ണ് പൂക്കളോടും പുഴകളോടും ചെടികളോടും മതിമറന്ന് മിണ്ടി. ഏകാന്തത അന്ധതയല്ല, ആനന്ദമാണെന്ന്  ഉറക്കെപ്പറഞ്ഞു ഈ എം.ടി കഥാപാത്രം. 

സ്നേഹിച്ച പുരുഷൻ വഞ്ചിച്ചിട്ടും ഒറ്റപ്പെടലിനെ സ്വീകരിച്ച ആൾക്കൂട്ടത്തിൽ തനിയെയിലെ അമ്മുക്കുട്ടി തളരുന്നില്ല.  ആത്മസംഘർഷങ്ങളെ  അടക്കിനിർത്തുന്ന പെണ്ണിന്റെ  ചെറുത്തുനിൽപ്പിന് സാക്ഷ്യം പറയുന്നു അവൾ. മലയാളത്തിൽ പിറന്ന എക്കാലത്തെയും വലിയ സ്ത്രീപക്ഷ സിനിമയായി പരിണയത്തെ പറയുന്നവരുണ്ട്. ഉണ്ണിമായ ഇല്ലങ്ങളിലെ ആചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്.  കുഞ്ഞിന്റെ പിതൃത്വം നിരസിച്ച കാമുകൻ ഒടുവിൽ ജീവിതത്തിലേക്ക് വിളിക്കുമ്പോൾ ഉണ്ണിമായയുടെ മറുപടി എം.ടിയെഴുത്തിന്റെ കരുത്തിന്റെ അടയാളം കൂടിയാണ്.   

പിന്നെയും ജീവിതത്തിന്റെ പല പതിപ്പുകളും പല ഭാവങ്ങളും കാട്ടിത്തന്നു എംടിയുടെ പെണ്ണുങ്ങൾ. അതികായന്റെ എഴുത്തുലോകത്ത് അവൾക്ക് എന്തെല്ലാം എന്തെല്ലാം ഭാവങ്ങൾ...!

ENGLISH SUMMARY:

M.T. Vasudevan Nair's pen gave life to some of the most remarkable female characters in Malayalam literature and cinema. From the powerful Unniyarcha to the conflicted Unnimaya trapped within societal norms, and the solitary yet content Ammu, M.T. portrayed women with depth and nuance, making them timeless icons of Malayalam culture.