ഭാഷയെ വിശ്വസാഹിത്യത്തിലേക്ക് കൈപിടിച്ച അക്ഷര ഇതിഹാസം എം.ടി വാസുദേവന്‍ നായര്‍ക്ക് വിട നല്‍കി അമ്മ മലയാളം. മാവൂർ റോഡിലെ സ്മൃതി പഥത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകള്‍. എംടിയുടെ സഹോദര പുത്രൻ എം.സതീശൻ അന്ത്യ കർമ്മങ്ങൾ ചെയ്തു. മകൾ അശ്വതി ഉൾപ്പെടെയുള്ള ബന്ധുക്കളും സാക്ഷിയായി. മന്ത്രിമാരായ എം.ബി.രാജേഷ്, എ.കെ.ശശീന്ദ്രൻ, മുഹമ്മദ് റിയാസ് തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. രണ്ടാമൂഴമില്ലാത്ത കാലത്തേയ്ക്ക് യാത്രയായ എഴുത്തിന്‍റെ പെരുന്തച്ചനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് നിളാപ്രവാഹം പോലെ ഒഴുകിയെത്തിയത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രിയ എഴുത്തുകാരന് വിട നല്‍കി.
എംടിയുടെ വാക്കുകള്‍ കടമെടുത്താല്‍ മരണവുമായി സന്ധി പറഞ്ഞ ഇടവേള മാത്രമാണ് ജീവിതം. സാര്‍ഥകവും സര്‍ഗസമ്പന്നവുമായ ആ ഇടവേള പൂര്‍ത്തിയാക്കി ഇതിഹാസം അനശ്വരതയിലേയ്ക്ക്. വാക്കിന്‍റെ മഹാമൗനം സിതാരയെ പൊതിഞ്ഞപ്പോള്‍ സാംസ്ക്കാരിക കേരളം തേങ്ങി. രോഗശയ്യയില്‍ നിന്ന് എം.ടിയുടെ മടങ്ങിവരവ് ഇന്നലെ രാത്രി പത്തുവരെ കൊട്ടാരം റോഡിലെ സിതാര എന്ന വീടും ഓരോ മലയാളിയും ആഗ്രഹിച്ചു. പക്ഷെ, പ്രാര്‍ഥനകള്‍ വിഫലമായി. അവസാന യാത്രയ്ക്കായി മലയാളത്തിന്‍റെ സാഹിത്യ സുകൃതം ഒരിക്കല്‍കൂടി സിതാരയുടെ പടികടന്നെത്തി.
ചേതനയറ്റ്. 'വാസുവേട്ടാ' എന്ന വിളിയോടെ ജീവിത പങ്കാളി സരസ്വതി ടീച്ചര്‍ വിങ്ങിപ്പൊട്ടി. കരഞ്ഞുകലങ്ങി മകള്‍ അശ്വതിയും ബന്ധുക്കളും. സദയവും താഴ്‍വാരവും അടക്കം എംടിയുടെ മികവുറ്റ രചനകളിലൂടെ അഭിനയത്തിന്‍റെ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കിയ മോഹന്‍ലാല്‍ പുലര്‍ച്ചെയ്ക്ക് മുന്‍പേ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. വാക്കിന്‍റെ വിരാട് പുരുഷനുമുന്നില്‍ അഞ്ജലീബദ്ധനായി. നേരം പുലരാന്‍ തുടങ്ങിയതോടെ നിളയിലെ മണ്‍തരികള്‍പോലെ, ഉള്ളില്‍ അടക്കിപ്പിടിച്ച തേങ്ങലിന്‍റെ പ്രവാഹവുമായി മനുഷ്യര്‍ സിതാരയിലേയ്ക്ക്. ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന് ഏകാകികളുടെ ശബ്ദമായവന് കാഥികന്‍റെ പണിപ്പുരയിലെത്തി നാടിന്‍റെ നിശബ്ദമായ യാത്രമൊഴി.
പരിണയവും പഞ്ചാഗ്നിയും അടക്കം എം.ടിയുടെ തിരക്കഥാ ക്ലാസിക്കുകള്‍ക്ക് മികവുറ്റ കാഴ്ച്ചകളുടെ നല്ലപാതിയായ സുഹൃത്ത് ഹരിഹരന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ വിട നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സാഹിത്യസാംസ്ക്കാരികരംഗത്തെ പല തലമുറകളില്‍പ്പെട്ടവരും അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. എംടിയുടെ കഥാപാത്രങ്ങളായി പകര്‍ന്നാടിയവരുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.
ആത്മനൊമ്പരങ്ങളുടെ കടവില്‍ അക്ഷരങ്ങളുടെ കാതല്‍ കടഞ്ഞെടുത്ത് സാഹിത്യത്തിന്‍റെ നാലുകെട്ട് പണിത് അതില്‍ വാക്കിന്‍റെ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള പള്ളിവാളും കാല്‍ച്ചിലമ്പും പ്രതിഷ്ഠിച്ച എഴുത്തിന്‍റെ ഈ പെരുന്തച്ചനെ സമ്മാനിച്ചതിന് കാലമേ നന്ദി. വിശ്വസാഹിത്യത്തില്‍ ഇടംനേടിയ വീരഗാഥയുടെ കാല്‍ക്കല്‍ കണ്ണാന്തളിപ്പൂക്കള്‍ അര്‍പ്പിക്കുന്നു. എംടിയെക്കുറിച്ച് എംടി തന്നെ പറഞ്ഞത് ഇങ്ങിനെ ‘തെറ്റുകളും ശരികളുമൊക്കെയുള്ള ശരാശരി മനുഷ്യന്‍. ദേവനല്ല; ചെകുത്താനുമല്ല’. വിട.